എം.എ പബ്ലിക് അഡ്മിനിസ്ട്രേഷൻ കോഴ്സ്
പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ആരംഭിക്കുന്ന എം.എ പബ്ലിക് അഡ്മിനിസ്ട്രേഷൻ കോഴ്സിൽ പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. 26 വരെ അപേക്ഷാ ഫീസ് അടച്ച് 27 വരെ അപേക്ഷിക്കാം. അപേക്ഷാഫീസ് ജനറൽ 280 രൂപ, എസ്.സി/എസ്.ടി 115 രൂപ. വിജ്ഞാപനം www.cuonline.ac.inൽ. അപേക്ഷ അന്തിമ സമർപ്പണം നടത്തിയതിന് ശേഷമുള്ള തിരുത്തലുകൾക്ക് വിവിധ അഫിലിയേറ്റഡ് കോളേജുകളിൽ പ്രവർത്തിക്കുന്ന നോഡൽ സെന്ററുകളുടെ സേവനം ഉപയോഗിക്കാം. രജിസ്റ്റർ ചെയ്തവരുടെ റാങ്ക് ലിസ്റ്റ് കോളേജിലേക്ക് നൽകും. കോളേജ് പ്രസ്തുത റാങ്ക്ലിസ്റ്റിൽ നിന്നും പ്രവേശനം നടത്തും. വിദ്യാർത്ഥിയുടെയോ രക്ഷിതാവിന്റെയോ ഫോൺ നമ്പർ മാത്രമേ ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് നൽകാവൂ.
ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് സർവകലാശാലയിലോ കോളേജുകളിലോ സമർപ്പിക്കേണ്ടതില്ല. പ്രവേശനം ലഭിക്കുമ്പോൾ അപേക്ഷയുടെ പ്രിന്റൗട്ട്, മറ്റു അനുബന്ധ രേഖകളോടൊപ്പം കോളേജിൽ സമർപ്പിക്കണം. പ്രവേശനം ആഗ്രഹിക്കുന്നവർ (ജനറൽ, സ്പോർട്സ്, വിഭിന്നശേഷി വിഭാഗക്കാർ, വിവിധ സംവരണ വിഭാഗക്കാർ ഉൾപ്പെടെ) ഓൺലൈനായി അപേക്ഷാ സമർപ്പണം നടത്തി പ്രിന്റ് എടുക്കണം. സ്പോർട്സ് ക്വാട്ടയിൽ പ്രവേശനത്തിന് അപേക്ഷയുടെ പ്രിന്റൗട്ട് കോളേജിൽ സമർപ്പിക്കണം.
ബി.എഡ് എസ്.സി/എസ്.ടി കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ
ട്രെയിനിംഗ് കോളേജുകളിലേക്ക് ബി.എഡ്. പ്രവേശനവുമായി ബന്ധപ്പെട്ട് എസ്.സി/എസ്.ടി കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ 24 ന് സർവകലാശാലാ ടാഗോർ നികേതൻ ഹാളിൽ നടക്കും. ബി.എഡ്. ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തീകരിച്ച് അഡ്മിഷൻ ലഭിക്കാത്ത എസ്.സി/എസ്.ടി വിഭാഗക്കാർ അന്ന് 11നകം ഓൺലൈൻ രജിസ്ട്രേഷൻ പ്രിന്റൗട്ട്, കമ്മ്യൂണിറ്റി, നേറ്റിവിറ്റി സർട്ടിഫിക്കറ്റുകൾ, ഡിഗ്രി മാർക്ക് ലിസ്റ്റ്, മറ്റ് രേഖകളും, ഫോട്ടോയും സഹിതം റിപ്പോർട്ട് ചെയ്യണം. എസ്.ടി വിഭാഗത്തിന്റെ അഭാവത്തിൽ എസ്.സി വിഭാഗത്തെയും, എസ്.സി വിഭാഗത്തിന്റെ അഭാവത്തിൽ എസ്.ടി വിഭാഗത്തെയും പരിഗണിക്കും. അലോട്ട്മെന്റ് ലഭിക്കുന്നവർ 25-ന് ഉച്ചയ്ക്ക് മൂന്നിനകം അലോട്ട്മെന്റ് ലഭിച്ച കോളേജിൽ രേഖകൾ സഹിതം പ്രവേശനം എടുക്കണം. ഇതിനകം പ്രവേശനം ലഭിച്ച എസ്.സി/എസ്.ടി വിഭാഗക്കാർ അലോട്ട്മെന്റിന് ഹാജരാവേണ്ടതില്ല.
മെയ് 29-നും ജൂൺ 20-നും ഇടയിൽ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്ത എസ്.സി/എസ്.ടി വിദ്യാർത്ഥികൾക്കായിരിക്കും പ്രവേശനത്തിന് മുൻഗണന ലഭിക്കുക. ഇവരുടെ അഭാവത്തിൽ ലേറ്റ് രജിസ്ട്രേഷൻ നടത്തുന്നവരെ ഒഴിവുള്ള എസ്.സി/എസ്.ടി സീറ്റുകളിലേക്ക് പരിഗണിക്കും. വിവിധ ട്രെയിനിംങ് കോളേജുകളിലെ എസ്.സി/എസ്.ടി. സീറ്റുകളിലെ ഒഴിവ് വിവരം www.cuonline.ac.in ൽ. ഫോൺ: 0494 2407016, 2407017.
ബിരുദ പ്രവേശനം: സമയം നീട്ടി
കാലവർഷം കാരണം ചില ജില്ലകളിൽ കോളേജുകൾക്ക് അവധി പ്രഖ്യാപിച്ചതിനാലും കോളേജ് അദ്ധ്യാപകർക്ക് കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പിൽ പങ്കെടുക്കേണ്ടതിനാലും റാങ്ക് ലിസ്റ്റിൽ നിന്നും ബിരുദ പ്രവേശനം നടത്തുന്നതിനുള്ള സമയം 24ന് ഉച്ചയ്ക്ക് ഒരു മണി വരെ നീട്ടി.
എം.ബി.എ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം: അപേക്ഷിക്കാനുള്ള തീയതി നീട്ടി
കാലിക്കറ്റ് സർവകലാശാലാ കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ്, സർവകലാശാലാ സ്വാശ്രയ കേന്ദ്രങ്ങൾ (ഫുൾടൈം/പാർട്ട്ടൈം), സ്വാശ്രയ കോളേജുകൾ എന്നിവയിൽ എം.ബി.എ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി 30 വരെ നീട്ടി. അപേക്ഷാ ഫീസ്: ജനറൽ 835 രൂപ, എസ്.സി/എസ്.ടി 467 രൂപ. അപേക്ഷയുടെ പ്രിന്റൗട്ട്, ചലാൻ (എസ്.സി/എസ്.ടി വിഭാഗം കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ്) എന്നിവ സഹിതം 30-ന് വൈകുന്നേരം അഞ്ചിനകം കൊമേഴ്സ് പഠനവകുപ്പിൽ ലഭിക്കണം. വിവരങ്ങൾ www.cuonline.ac.in ൽ. ഫോൺ: 0494 2407363, 2407016.
23-ലെ സി.എം.വി ക്യാമ്പിൽ എല്ലാ അദ്ധ്യാപകരും പങ്കെടുക്കണം
23-ന് തുടങ്ങുന്ന സർവകലാശാലയുടെ സി.എം.വി ക്യാമ്പിൽ സർവകലാശാലയ്ക്ക്ക്ക് കീഴിലെ എല്ലാ അദ്ധ്യാപകരും പങ്കെടുക്കണം. സ്വാശ്രയ കോളേജുകളിലെ അദ്ധ്യാപകർക്ക് 50 പേപ്പറിന് ഒരു ഡ്യൂട്ടി ലീവ് അനുവദിച്ച പശ്ചാത്തലത്തിൽ എല്ലാ സ്വാശ്രയ കോളേജുകളിലെയും അദ്ധ്യാപകർ ക്യാമ്പിൽ പങ്കെടുത്തുവെന്ന് പ്രിൻസിപ്പൽ ഉറപ്പുവരുത്തണം. പുതിയ ഗവൺമെന്റ് ഉത്തരവ് പ്രകാരം എയ്ഡഡ്/ഗവൺമെന്റ് കോളേജ് അദ്ധ്യാപകരും ക്യാമ്പിൽ പങ്കെടുക്കണം.
പരീക്ഷാ ഫലം
നാലാം സെമസ്റ്റർ എം.എ തമിഴ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ആഗസ്റ്റ് ഒന്ന് വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ എം.എ ഇംഗ്ലീഷ് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ എം.ബി.എ (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ആഗസ്റ്റ് മൂന്ന് വരെ അപേക്ഷിക്കാം.
ഒന്നാം വർഷ പി.ജി ഡിപ്ലോമ ഇൻ കൗൺസലിംഗ് സൈക്കോളജി ജൂലായ് 2018 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ആഗസ്റ്റ് മൂന്ന് വരെ അപേക്ഷിക്കാം.