naushad

താനൂർ: കാട്ടിലങ്ങാടിയിൽ മോഷണക്കേസിൽ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ച പ്രതിയുടെ പേരിലുള്ളത് ഒന്നരക്കോടി വീതം വിലവരുന്ന രണ്ട് ആഡ‌ംബര വീടുകൾ. കാട്ടിലങ്ങാടിയിൽ വിവിധ വീടുകളിൽ നിന്നായി 13 പവനും 6000 രൂപയും മോഷ്ടിച്ച കേസിലെ പ്രതിയെ നാട്ടുകാരാണ് അന്വേഷിച്ച് പിടികൂടി പൊലീസിലേൽപ്പിച്ചത്. പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി എഴുവൻഞ്ചിറ ചക്കിങ്ങൽത്തൊടി നൗഷാദാണ്(40) പിടിയിലായത്. പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻ‌‌ഡ് ചെയ്തു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ചെർപ്പുളശ്ശേരിയിലാണ് പ്രതിയുടെ പേരിലായി രണ്ട് ആഡംബര വീടുകളുള്ളത്. ഗൾഫിലാണെന്നാണ് നാട്ടുകാരെയും വീട്ടുകാരെയും വിശ്വസിപ്പിച്ചിരുന്നത്. ആറുമാസത്തിലൊരിക്കൽ വിലകൂടിയ വസ്തുക്കളുമായി നാട്ടിലെത്തും. പട്ടാമ്പി, ചെർപ്പുളശ്ശേരി എന്നിവിടങ്ങളിലായി 10ഓളം കേസുകൾ ഇയാൾക്കെതിരെയുണ്ട്. എന്നാൽ തെളിവില്ലാത്തതിനാൽ പല കേസുകളിലും വെറുതെ വിട്ടു.

താനൂർ കാട്ടിലങ്ങാടിയിൽ മോഷണം പതിവായതിനെ തുടർന്ന് പ്രദേശത്തെ യുവാക്കൾ മോഷ്ടാവിനെ പിടികൂടണമെന്ന വാശിയോടെ രാത്രിയിൽ കാവലിരുന്നിരുന്നു.

കഴിഞ്ഞയാഴ്ച പ്രദേശത്തുള്ള മറ്റൊരു വീട്ടിൽ മോഷണശ്രമത്തിനിടെ ശബ്ദം കേട്ട് വീട്ടുകാർ ബഹളം വച്ചപ്പോൾ ഓടിയ മോഷ്ടാവിനെ യുവാക്കൾ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. മോഷ്ടാവിന്റെ രൂപം വച്ച് റെയിൽവേ സ്റ്റേഷനിൽ അന്വേഷിച്ചപ്പോൾ സമാനശരീരപ്രകൃതിയുള്ള ഒരാൾ ചിലദിവസങ്ങളിൽ രാത്രി 12ന് മംഗലാപുരത്ത് നിന്നെത്തുന്ന മലബാർ എക്‌സ്‌പ്രസിൽ സ്റ്റേഷനിലിറങ്ങുന്നതായി വിവരം കിട്ടി. പിന്നിട് മലബാർ എക്‌സ്‌പ്രസ് കേന്ദ്രീകരിച്ചായി അന്വേഷണം. ഞായറാഴ്ച രാത്രി കോഴിക്കോട് നിന്നും മലബാർ എക്‌സ്‌പ്രസിൽ കയറിയ യുവാക്കൾ കള്ളനെ കണ്ടെത്തുകയും പിന്തുടരുകയും ചെയ്തു. ഇയാൾ താനൂരിലിറങ്ങിയപ്പോൾ പിടികൂടി പൊലീസിലറിയിച്ചു. കസ്റ്റഡിയിലെടുക്കുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് ഓടിച്ചിട്ട് പിടികൂടി.

പിടികൂടുമ്പോൾ കൈവശമുണ്ടായിരുന്ന ബാഗിൽ സ്‌ക്രൂഡ്രൈവർ, കമ്പിപ്പാര, കട്ടിംഗ് മെഷീൻ, മുഖംമൂടി, കൈയുറ, ഗ്ലൗസ് എന്നിവയുണ്ടായിരുന്നു.