കോഴിക്കോട്: "അമ്പിളിയമ്മാവാ.. താമരക്കുമ്പിളിൽ എന്തുണ്ട്" മലാപ്പറമ്പ് ഗവ. യു.പി സ്കൂളിലെ വിദ്യാർത്ഥികൾ അമ്പിളിയമ്മാവനോട് സംസാരിക്കുകയാണ്. "അമ്പിളിയമ്മാവാ, ഒരു കാര്യം ചോദിച്ചോട്ടെ.." കുട്ടികൾക്ക് ചന്ദ്രന്റെ വയസും, ചന്ദ്രൻ എങ്ങനെയാണ് ഉണ്ടായതെന്നും എല്ലാം അറിയണം. അവരുടെ ചോദ്യങ്ങൾക്കെല്ലാം ഒരു പുഞ്ചിരിയോടെ മറുപടി പറയുകയാണ് അമ്പിളിയമ്മാവൻ.
ചാന്ദ്രദിനത്തോടനുബന്ധിച്ച് മലാപ്പറമ്പ് ഗവ. യു.പി സ്കൂളിൽ 'ശാസ്ത്രായനം 2019' എന്ന പേരിൽ നടത്തിയ പരിപാടികളുടെ ഭാഗമായി കുട്ടികൾ സംഘടിപ്പിച്ച സ്കിറ്റിലാണ് ചന്ദ്രനുമായുള്ള കുട്ടികളുടെ സംഭാഷണം. വിദ്യാർത്ഥികൾക്ക് ചന്ദ്രഗ്രഹത്തെക്കുറിച്ച് ലളിതമായി മനസിലാക്കാൻ കഴിയുന്ന തരത്തിലായിരുന്നു സ്കിറ്റ്. കുട്ടികൾതന്നെയാണ് പ്രദർശനം തയ്യാറാക്കിയത് . ഉച്ചയ്ക്ക് ശേഷം ക്വിസ് മത്സരവും സംഘടിപ്പിച്ചു. ചന്ദ്രനെക്കുറിച്ചും, ചന്ദ്രനിലേക്ക് ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിനെക്കുറിച്ചും, അതെന്തിനാണെന്നുമൊക്കെ വിശദീകരിക്കുന്ന പോസ്റ്ററുകളും ഫോട്ടോകളും പ്രദർശനത്തിൽ ഉണ്ടായിരുന്നു.
സ്കൂളിലെ മുൻ അദ്ധ്യാപകൻ ആർ.കെ ഇരവിൽ 'ശാസ്ത്രായനം 2019' ഉദ്ഘാടനം ചെയ്തു. സയൻസ് ക്ലബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപകൻ ഹരീഷ് പരിപാടികൾക്ക് നേതൃത്വം നൽകി. ഹെഡ്മിസ്ട്രസ്സ് രൂപറാണി, ദിനേശൻ എന്നിവർ സംസാരിച്ചു. മുൻപ് സ്കൂൾ നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയ സ്കൂളിൽ ഇപ്പോൾ 75 കുട്ടികളും 8 അദ്ധ്യാപകരുമാണ് ഉള്ളത്.