കോഴിക്കോട്: കോഴിക്കോട് വിദ്യാഭ്യാസ ജില്ലയെ അടുത്ത വർഷത്തോടെ കാർബൺ സന്തുലിത വിദ്യാലയ ജില്ലയാക്കാനുള്ള പ്രവർത്തനങ്ങളുടെ ആദ്യഘട്ടം പൂർത്തിയായി. ഇതോടൊപ്പം അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഇടയിലുള്ള ഈ വർഷത്തെ ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾക്ക് മാർഗ്ഗരേഖയുമായി. ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾക്കായി സർക്കാർ രൂപീകരിച്ച എനർജി മാനേജ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 412 അദ്ധ്യാപകർ പങ്കെടുത്ത ഹൈസ്കൂൾ, യൂപി ,എൽ.പി. അദ്ധ്യാപകർക്കുള്ള സെൻസിറ്റൈസേഷൻ ക്യാമ്പിലാണ് അന്തിമരൂപമായത്.

ഊർജ്ജം സംരക്ഷിക്കും

ഇതനുസരിച്ച് സ്കൂളുകളിൽ ഊർജ്ജസംരക്ഷണം, ജലസംരക്ഷണം, ഭക്ഷണം പാഴാക്കുന്നതു തടയൽ എന്നീ വിഷയങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകും. ഈ മൂന്ന് തലങ്ങളിലുമുള്ള പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ സ്കൂളുകളിൽ ഒരു നിരീക്ഷണ സമിതി രൂപീകരിക്കും. സ്കൗട്ട്സ് ആൻറ് ഗൈഡ്സ്, ജെ ആർ സി തുടങ്ങിയ സന്നദ്ധ സംഘടനകളുടെ സേവനങ്ങളും ഇതിനായി പ്രയോജനപ്പെടുത്തും. സ്കൂൾതല മോണിട്ടറിംഗിനു പുറമേ സബ് ജില്ലാതലത്തിലും വിദ്യാഭ്യാസ ജില്ലാ തലത്തിലും നിരീക്ഷണ സമിതികൾ ഉണ്ടാകും. സ്കൂളുകളിലും മുഴുവൻ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും വീടുകളിലും ഈ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനാണ് ലക്ഷ്യമിടുന്നത്. ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കുന്നതിനായി സ്കൂൾ തലത്തിൽ ഊർജ്ജോൽസവം നടക്കും. കാർട്ടൂൺ ,ഉപന്യാസം,പ്രശ്നോത്തരി, ചിത്രരചന എന്നിവയാലാണ് മത്സരങ്ങൾ നടക്കുക. എൽ.പി.വിഭാഗത്തിനുള്ള ചിത്രരചനയുടെ വിഷയം ''ഊർജ്ജവും പരിസ്ഥിതിയും'' എന്നും യു.പി.ക്കും ഹൈസ്കൂളിനുമുള്ള കാർട്ടൂണിൻെറ വിഷയം'' കാർബൺ സന്തുലിത ജീവിതരീതി''എന്നും ഉപന്യാസരചനയുടെ വിഷയം''ഊർജ്ജക്ഷമതയേറിയ കേരളത്തിന്റെ പുനർനിർമ്മിതി' എന്നുമായിരിക്കും. കൂടാതെ ഊർജ്ജസംരക്ഷണവുമായി ബന്ധപ്പെട്ട പ്രോജക്ട് മത്സരവും നടക്കും. സ്കൂൾ തലത്തിൽ വിജയികളാകുന്നവരെ പങ്കെടുപ്പിച്ചുകൊണ്ട് വിദ്യാഭ്യാസജില്ലാതല ഊർജ്ജോത്സവം ഒക്ടോബർ മാസത്തിൽ നടക്കും.സ്കൂളുകളിലെ കമ്പ്യൂട്ടർ ലാബുകളിൽ മുഴുവൻ സമയവും കമ്പ്യൂട്ടറുകൾ ഓൺ ചെയ്തു വെക്കുന്ന രീതി ഒഴിവാക്കി ആവശ്യമായ സമയത്ത് മാത്രം ഓൺ ചെയ്യുന്ന രീതിയിലേക്ക് കൊണ്ടുവരാനുള്ള പ്രത്യേക നിരീക്ഷണവും നടത്തും.

കോഴിക്കോട് പ്രോവിഡൻസ് ഗേൾസ് സ്കൂളിൽ നടന്ന സെൻസിറ്റൈസേഷൻ ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. എൽ.ഇ.ഡി. ബൾബ് വിതരണോദ്ഘാടനവും ഊർജ്ജ- പ്രകൃതിസംരക്ഷണ പ്രഭാഷണവും വിദ്യാഭ്യാസ ഉപഡയറക്ടർ സുരേഷ്കുമാർ.ഇ.കെ. നിർവഹിച്ചു. ഡി ഇ ഒ എൻ മുരളി അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എച്ച്.എം.സിസ്റ്റർ എ.സി രമ്യ. ഊർജ്ജസംരക്ഷണ പ്രതിജ്ഞ നടത്തി. ഡോ.എൻ സിജേഷ് സ്വാഗതവും അനീഷ് രാജേന്ദ്രൻ നന്ദിയും പറഞ്ഞു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരായ കെ റജീന., ഗീത, അനിത ബായി. ഹെലൻ ഹൈസന്ത് മെൻഡോൺസ്, സയൻസ് ക്ലബ് സെക്രട്ടറി സി സദാനന്ദൻ, ഇ.എം.സി.പ്രോജക്ട് എൻജിനിയർ എസ് അനൂപ്., സ്കൂൾ സെപ് കോർഡിനേറ്റർ .ടി ബിന്ദു, എം.കെ.സജിവ്കുമാർ തുടങ്ങിയവർ സംസാരിച്ചു.