രാമനാട്ടുകര: ദേശീയപാത യൂണിവേഴ്സിറ്റി റോഡിൽ കെയർവെൽ ജംഗ്‌ഷനിൽ വെള്ളം കെട്ടി നിൽക്കാൻ തുടങ്ങിയിട്ട് ദിവസങ്ങായി. എന്നാൽ ദേശീയപാത പൊതുമരാമത്ത് വകുപ്പും,രാമനാട്ടുകര നഗരസഭയും മാത്രം ഒന്നും കാണുന്നില്ലെന്ന് മാത്രം. ഇവിടെ റോഡിന്റെ ഇരു വശങ്ങളിലും മഴവെള്ളം ഒഴുകി പോകാതെ കെട്ടി നിൽക്കുകയാണ്. വിദ്യാർഥികളടക്കം നിരവധി കാൽനടയാത്രക്കാർ ദിവസവും കടന്നു പോകുന്ന വഴിയിലാണ് വെള്ളം കെട്ടി നിൽക്കുന്നത്. സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് വരുന്ന രോഗികൾക്കും ഇതിലൂടെയുള്ളത് ദുരിതയാത്രയാണ് . ഇരുചക്രവാഹനങ്ങളിൽ പോകുന്നവർക്ക് ജലാഭിഷേകം നടത്തിയേ യാത്ര തുടരാനാകൂ എന്നാണ് സ്ഥിതി. എയർപോർട്ട് റോഡ് ജനതാ ഒപ്റ്റിക്കൽ മുതൽ ഉള്ള ഫൂട്ട് പാത്ത് ഡ്രെയിനേജിൽ നിന്നും വരുന്ന അഴുക്ക് വെള്ളം കലർന്ന മലിന ജലമാണ് ഇവിടെ കെട്ടി നിൽക്കുന്നത്.

വില്ലനാകുന്ന ഓടകൾ

യൂണിവേഴ്സിറ്റി റോഡിൽ ഉള്ള ഡ്രെയിനേജിൽ തെങ്ങിൻ കഷണം ഒഴുകിയെത്തിയും,പ്ലാസ്റ്റിക് കുപ്പികൾ അടക്കം ഉള്ള മാലിന്യം അടിഞ്ഞും ആണ് ഒഴുക്ക് നഷ്ടപെട്ട് ദേശീയ പാതയിൽ നിന്ന് കെയർവെൽ റോഡിലേക്ക് വെള്ളം ഒഴുകി കാൽനടയാത്രക്കാർക്ക് വിനയാകുന്നത്. ഇരു ഭാഗത്തു നിന്നും വാഹനങ്ങൾ ചീറി പാഞ്ഞു വരുന്ന സ്ഥലമാണിത്. ചെറുതും,വലുതുമായ വാഹന അപകടങ്ങൾ ഉണ്ടാവുന്ന ഇവിടെ നിരവധി കാൽ നട യാത്രക്കാർ അപകടത്തിൽ പെട്ടു മരിച്ചിട്ടുമുണ്ട്. കഴിഞ്ഞ ഞായറാഴ്ച രാത്രി ബൈക്ക് ഇടിച്ച് രണ്ടു കാൽനടയാത്രക്കാർക്ക് പരിക്കേറ്റിരുന്നു. എല്ലാം വർഷവും ഈ സ്ഥലത്ത് മഴവെള്ളം കെട്ടി നിൽക്കുന്നത് പതിവാണ് ഇതിനു ശാശ്വതപരിഹാരം ഉണ്ടാക്കുവാൻ അധികൃതർ ശ്രമിക്കാത്തത് ജനരോഷത്തിന് കാരണമായിട്ടുണ്ട്. റോഡരുകിലെ സ്ഥാപനങ്ങളിൽ നിന്ന് റോഡരികിലേക്ക് ഇറക്കി വെച്ചിട്ടുള്ള കമ്പി,മറ്റു നിർമ്മാണ സാധനങ്ങൾ കൂട്ടിയിടുന്നത് കാരണം റോഡരികിലൂടെ കാൽനടയാത്രക്കാർക്ക് നടന്നു പോകുവാൻ പറ്റാതെ റോഡിൽ ഇറങ്ങി നടക്കേണ്ട അവസ്ഥയാണ്. വെള്ളക്കെട്ട് ഒഴിവാക്കുവാൻ ദേശീയപാത പൊതുമരാമത്ത് വകുപ്പും,രാമനാട്ടുകര നഗരസഭയും വേണ്ടത് ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.