മുക്കം: ഹൈക്കോടതി നിർദ്ദേശം പാലിച്ച് മുക്കം നഗരസഭ റോഡരുകിൽ നിന്ന് നീക്കം ചെയ്ത ഫ്ലക്സുകൾ ഗ്രോബാഗുകളായി പുനർജനിച്ചു. ഹരിത കർമ്മ സേനയാണ് ഫ്ല്ക്സുകൾ ഉപയോഗിച്ച് ഗ്രോ ബാഗുകൾ തയ്യാറാക്കിയത്. ഗ്രോബാഗുകളായി രൂപാന്തരം പ്രാപിച്ച ഫ്ലക്സുകൾക്ക് അനവധി ആവശ്യക്കാരെത്തി. അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി പ്രകാരം നീർച്ചാലുകൾ ശുചീകരിച്ചപ്പൊൾ ലഭിച്ച മണ്ണ് മണലും വളവും ചേർത്ത് തയ്യാറാക്കിയ മിശ്രിതമാണ് ബാഗിൽ നിറച്ചത്. തക്കാളി വഴുതന പച്ചമുളക് എന്നിവയുടെ രണ്ടു വീതം തൈകൾ ഓരോ ബാഗിലും. ഇത്തരം ബാഗുകൾ വെറും 30 രൂപ നിരക്കിൽ നൽകാൻ തുടങ്ങിയപ്പോൾ ചൂടപ്പം പോലെ അൽപസമയത്തിനകം തീർന്നു .ഗ്രോ ബാഗ് മാത്രമായി വേണ്ടവർക്ക് 15 രുപ നിരക്കിലും നൽകി. ആദ്യ ഘട്ടമെന്ന നിലയിൽ തയ്യാറാക്കിയ ഗ്രോ ബാഗുകളും തൈകളും മുഴുവനായും തീർന്നതിനാൽ രണ്ടാഴ്ചയ്ക്കകം വീണ്ടും തയ്യാറാക്കി വിതരണം നടത്തുമെന്ന് ഹരിതസേന ലീഡർ പറഞ്ഞു. മുക്കം ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന വിതരണ ചടങ്ങ് നഗരസഭ ചെയർമാൻ വി.കുഞ്ഞൻ ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.പ്രശോഭ് കുമാർ, മരാമത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർപെഴ്സൺ സാലി സിബി, കൗൺസിലർമാരായ പ്രജിത പ്രദീപ് , പി.ബ്രിജേഷ് കുമാർ ,നഗരസഭ സെക്രട്ടറി എൻ.കെ ഹരീഷ് എന്നിവർ സംബന്ധിച്ചു. ഹരിത കർമ്മ സേന ടീം ലീഡർ വി ഷീജ, കോഓർഡിനേറ്റർ രമേഷ് തറമംഗലത്ത് എന്നിവർ നേതൃത്വം നൽകി .