വടകര : റെയില്‍വേ സ്റ്റേഷനിലെ റിസര്‍വ്വേഷന്‍ കൗണ്ടര്‍ ഉച്ചക്ക് ശേഷം അടച്ചിടുന്നത് പ്രതിഷേധത്തിന് കാരണമാകുന്നു. രണ്ടാഴ്ച മുമ്പ് ഏതാനും ദിവസം കൗണ്ടര്‍ അടച്ചിട്ടിരുന്നു. കെ മുരളീധരന്‍ എം.പി ഇടപെട്ടതിനെ തുടര്‍ന്ന് കൗണ്ടര്‍ ദിവസം മുഴുവന്‍ പ്രവര്‍ത്തിച്ചിരുന്നെങ്കിലും ഇന്നലെ മുതല്‍ കൗണ്ടര്‍ വീണ്ടും പൂട്ടി. മൂന്ന് ദിവസത്തേക്ക് റിസര്‍വ്വേഷന്‍ കൗണ്ടര്‍ അടച്ചിടാനാണ് ഡി.ആര്‍.എം നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജീവനക്കാരന്‍ ലീവ് ആണെന്ന കാരണം പറഞ്ഞാണ് രണ്ടാഴ്ച മുമ്പ് രണ്ട് ദിവസം ഉച്ചക്കു ശേഷം റിസര്‍വ്വേഷന്‍ കൗണ്ടര്‍ അടച്ചിട്ടത്. തുടര്‍ന്ന് കെ മുരളീധരന്‍ എം.പി പാലക്കാട് ഡി.ആര്‍.എമ്മുമായി ബന്ധപ്പെടുകയും തുടര്‍ന്ന് കൗണ്ടര്‍ ദിവസം മുഴുവന്‍ പ്രവര്‍ത്തിപ്പിക്കാനുള്ള നടപടി അധികൃതര്‍ സ്വീകരിക്കുകയുമായിരുന്നു. ഇന്നലെ പൊടുന്നനെയാണ് മൂന്ന് ദിവസത്തേക്ക് ഉച്ചക്ക് ശേഷം കൗണ്ടര്‍ വീണ്ടും അടച്ചിട്ടത്. അതേസമയം ഉച്ചക്ക് ശേഷമുള്ള പ്രവര്‍ത്തനം പൂര്‍ണ്ണമായി നിര്‍ത്തലാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഇടക്കിടെ കൗണ്ടര്‍ അടച്ചിടുന്നതെന്ന് സംശയമുയരുന്നുണ്ട്. തികച്ചും ബാലിശമായ കാരണങ്ങളാണ് കൗണ്ടര്‍ അടച്ചിടുന്നതിനായി പറയുന്നത്. ഓണ്‍ലൈന്‍ സംവിധാനം നിലവിലുണ്ടായിട്ടും വലിയ തോതിലുള്ള തിരക്ക് വടകരയിലെ റിസര്‍വ്വേഷന്‍ കൗണ്ടറില്‍ അനുഭവപ്പെടുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ ദിവസവും നൂറു കണക്കിനാളുകള്‍ ഇവിടെയെത്തുന്നു. ഇന്നലെ നിരവധി പേരാണ് കൗണ്ടറിലെത്തി മടങ്ങിയത്. വടകരയിലെ റിസര്‍വ്വേഷന്‍ കൗണ്ടര്‍ ഭാഗികമായി നിര്‍ത്തലാക്കാനുള്ള ശ്രമം പ്രതിഷേധാര്‍ഹമാണെന്ന് കെ.പി.സി.സി നിര്‍വാഹക സമിതി അംഗം ഐ മൂസ കുറ്റപ്പെടുത്തി. അവഗണന തുടരുന്ന പക്ഷം ബഹുജനങ്ങളെ സംഘടിപ്പിച്ച് പാലക്കാട് ഡി.ആര്‍.എം ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.