36,000 തെരുവുവിളക്കുകൾ എൽ.ഇ.ഡി യാവും
വിളക്കുകൾ കേടായാൽ 48 മണിക്കൂറിനകം കത്തിക്കും
ഗണ്യമായ അളവിൽ ഊർജ്ജസംരക്ഷണം
കോഴിക്കോട്: നഗരത്തിലെ മുഴുവൻ തെരുവുവിളക്കുകളും എൽ.ഇ.ഡിയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി കർണാടക സ്റ്റേറ്റ് ഇലക്‌ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (കെ.എസ്.ഇ.ഡി.സി) ഉദ്യോഗസ്ഥസംഘം പരിശോധന തുടങ്ങി. കോഴിക്കോട് കോർപ്പറേഷനുമായി ഒപ്പുവെച്ച ധാരണാപത്രമനുസരിച്ച് പത്തു വർഷത്തെ പരിപാലനച്ചുമതല ഉൾപ്പെടെ കെ.എസ്.ഇ.ഡി.സി ക്കായിരിക്കും. കേരളത്തിൽ ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പരിധിയിലെ മുഴുവൻ തെരുവുവിളക്കുകളും എൽ.ഇ.ഡിയിലേക്ക് മാറ്റുന്നത് ആദ്യമായാണ്.
കെ.എസ്.ഇ.ഡി.സി എനർജി കൺസൾട്ടന്റ് സുരേഷ് രാഘവ്, മാനേജർമാരായ കുമാരസ്വാമി, വെങ്കിട്ട് എന്നിവരാണ് ഇന്നലെ നഗരത്തിൽ പരിശോധനയ്ക്ക് എത്തിയത്. മേയർ തോട്ടത്തിൽ രവീന്ദ്രനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു പരിശോധനയുടെ തുടക്കം.
നഗരസഭ പ്രതിമാസം 49. 60 ലക്ഷം രൂപ നൽകണമെന്നതായിരുന്നു ആദ്യധാരണ. എന്നാൽ മേയറുമായുള്ള ചർച്ചയിൽ ഈ തുകയിൽ രണ്ടു ലക്ഷം രൂപ കുറയ്ക്കാമെന്നു ഉദ്യോഗസ്ഥസംഘം സമ്മതിച്ചിട്ടുണ്ട്. വൈദ്യുതി ചാർജ് അടക്കുന്നതിന്റെ ഉത്തരവാദിത്വത്തിനു പുറമെ പൂർണപരിപാലനവും കെ.എസ്.ഇ.ഡി.സി ഏറ്റെടുക്കും.
കഴിഞ്ഞ സാമ്പത്തികവർഷം തെരുവുവിളക്കുകൾക്കായി നഗരസഭയ്ക്ക് മൊത്തം 6. 55 കോടി രൂപ ചെലവായിരുന്നു. വൈദ്യുതി ചാർജിനു പുറമെ സോഡിയം വേപ്പർ ലാമ്പുകളുടെ അറ്റകുറ്റപ്പണിക്ക് ഉൾപ്പെടെ വന്ന ചെലവാണിത്. എൽ.ഇ.ഡി വിളക്കുകൾ സ്ഥാപിച്ച്, പത്തു വർഷത്തേക്ക് അവയുടെ പരിപാലനച്ചുമതല കൂടി കെ.എസ്.ഇ.ഡി.സി ഏറ്റെടുക്കുമ്പോൾ നഗരസഭയ്ക്ക് പ്രകടമായ സാമ്പത്തികലാഭം ഉണ്ടാവുമെന്നാണ് പ്രതീക്ഷ. ഇപ്പോഴത്തെ അവസ്ഥയിൽ പലയിടത്തും തെരുവുവിളക്കുകൾ വർഷത്തിൽ ആറു മാസം കത്തിയാലായി എന്ന നിലയാണ്. ഇതേച്ചൊല്ലി കൗൺസിലർമാർക്ക് കേൾക്കേണ്ടി വരുന്ന പഴി കുറച്ചൊന്നുമല്ല. പുതിയ സംവിധാനമാവുന്നതോടെ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനാവും.
"കരാർ വ്യവസ്ഥ പ്രകാരം കത്താത്ത തെരുവുവിളക്കുകൾ 48 മണിക്കൂറിനകം നന്നാക്കിയില്ലെങ്കിൽ സ്ഥാപനത്തിനാണ് നഗരസഭയ്ക്ക് പിഴ ഈടാക്കാനാവും. എവിടെയൊക്കെ കത്താത്ത വിളക്കുകളുണ്ടെന്ന് അറിയാനുള്ള സംവിധാനം കൂടിയുണ്ട് പദ്ധതിയിൽ.
- മേയർ തോട്ടത്തിൽ രവീന്ദ്രൻ