കോഴിക്കോട്: നഗരത്തിൽ തളി മാരിയമ്മൻ റോഡ് പരിസരത്തെ ആക്രി കേന്ദ്രം രോഗം പടർത്തും താവളമായി.
ഇവിടെ ബഹുനില കെട്ടിടത്തിനു സമീപത്തെ ഒഴിഞ്ഞ സ്ഥലം ആക്രി കച്ചവടക്കാർ കൈയ്യടക്കിയിട്ട് വർഷങ്ങളായി. നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ സംഭരിച്ച് തരംതിരിക്കുന്ന കേന്ദ്രമാണിത്. മാസത്തിൽ പല തവണയായി കൂറ്റൻ ലോറികളിൽ ആക്രി ലോഡ് കടത്തുകയാണ് പതിവ്. തമിഴ്‌നാട് സ്വദേശികളായ സ്ത്രീകൾ ഭക്ഷണം പാകം ചെയ്യുന്നതും ഇവിടെ തന്നെയാണ്. അബദ്ധത്തിലെങ്ങാനും തീ പടർന്നാൽ ഫയർ സർവിസിന് ഇവിടേക്ക് എത്താൻ പോലുമാവില്ല.
മഴ തുടങ്ങിയതോടെ വെള്ളം കെട്ടിക്കിടന്ന് കൊതുക് വളർത്തുകേന്ദ്രമായി മാറിയിരിക്കുകയാണ് ഇവിടം. തൊട്ടടുത്തുള്ള പഴം മാർക്കറ്റിൽ നിന്ന് ചീഞ്ഞളിഞ്ഞവ കൂടി ഇവിടെ കൊണ്ടുവന്നു തള്ളുന്നതുകാരണം അസഹ്യമായ ദു
ർഗന്ധവും. തളി ക്ഷേത്രത്തിലേക്ക് പോകുന്നവർക്കും പൂജാ സാമഗ്രികൾക്കായി ഈ ഭാഗത്തേക്ക് എത്തുന്നവർക്കുമെല്ലാം ആക്രി കൂമ്പാരം കടുത്ത ഭീഷണിയാണ്. പൊതുജനാരോഗ്യത്തിനു വെല്ലുവിളി ഉയർത്തുന്ന ഈ കേന്ദ്രം ഇനിയും നഗരസഭയിലെ ഹെൽത്ത് വിഭാഗക്കാരുടെ കണ്ണിൽ പെട്ടില്ലെന്നതു അത്ഭുതം തന്നെയാണെന്ന് പരിസരത്തെ കച്ചവടക്കാർക്ക് പറയുന്നു.