police-case

മുക്കം: അവശനിലയിൽ റോഡിൽ കിടക്കുന്ന ആളെ ആശുപത്രിയിൽ എത്തിച്ച ട്രോമ കെയർ വളണ്ടിയർ ജാമ്യമില്ലാ കേസിൽ കുരുങ്ങി. ജീവൻ രക്ഷിച്ച ആളാകട്ടെ ഇപ്പോൾ കേസിൽ നിന്ന് രക്ഷ കിട്ടാനുള്ള പരക്കം പാച്ചിലിലാണ്. പൊലീസിന്റെ മുന്നിൽ പെട്ടാൽ പിടിച്ച് അകത്താക്കും. വയലിൽ മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അബ്ദുൽ ജലീൽ ആണ് കേസിൽ കുടുങ്ങി വലയുന്നത്. ട്രോമ കെയർ വളണ്ടിയർ കൂടിയായ അബ്ദുൽ ജലീൽ ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി രോഗികളെ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കുക, രോഗികൾക്കു വേണ്ടി സൗജന്യ ആംബുലൻസ് സർവ്വീസ് നടത്തുക, ആശുപത്രിയിൽ കിടക്കുന്നവർക്ക് ഭക്ഷണം നൽകുക, അത്യാവശ്യമുള്ളവർക്ക് മരുന്ന് വാങ്ങി കൊടുക്കുക തുടങ്ങിയ പ്രവർത്തനം നടത്താറുണ്ട്.

ഇത്തരം പ്രവർത്തനങ്ങളുമായി മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പതിവായി എത്താറുള്ള ഇദ്ദേഹം അവിടെയുള്ള ഡോക്ടർമാരും ജീവനക്കാരുമായ നല്ല സൗഹൃദത്തിലുമാണ്. എന്നാൽ ഇക്കഴിഞ്ഞ 18 ന് രാവിലെ ഒരു രോഗിയെ ആശുപത്രിയിൽ എത്തിച്ചതോടെ എല്ലാം തകിടം മറിഞ്ഞു.

അവശനിലയിൽ റോഡിൽ വീണു കിടക്കുന്നതു കണ്ട് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് ജലീൽ ആംബുലൻസുമായി ചെന്ന് രോഗിയെ എടുത്ത് ആശുപത്രിയിലെത്തിച്ചത്.ഒ പി ചീട്ടെടുത്ത് ഡോക്ടറെ കാണിച്ച് ചികിത്സ ലഭ്യമാക്കുകയും ഡോക്ടർ നിർദ്ദേശിച്ച ടെസ്റ്റുകൾക്ക് രോഗിയെ വിധേയനാക്കുകയും ചെയ്തു. ഇതിനിടെയാണ് ആശുപത്രിയിലെ മറ്റൊരു ഡോക്ടർ ജലീലിനെ ആളെ വിട്ട് വിളിപ്പിക്കുകയും അധിക്ഷേപിച്ച് സംസാരിക്കുകയും ചെയ്തത്.

രാവിലെ 9 നും വൈകുന്നേരം 6 നും ഇടയിൽ ഒ പി സമയമാണെന്നും അതിനിടയിൽ ഇത്തരം രോഗികളെ ആശുപത്രിയിൽ കൊണ്ടുവരരുതെന്നുമാണ് ഈ ഡോക്ടർ പറഞ്ഞതെന്ന് ജലീൽ പറയുന്നു.രോഗിയെ മറ്റേതെങ്കിലും ആശുപത്രിയിൽ കൊണ്ടു പോകണമെന്നാവശ്യപ്പെടുകയും ചെയ്തു.ഈ സംഭവത്തിന്റെ പേരിൽ ആശുപത്രിയിൽ അതിക്രമം നടത്തിയെന്നും പ്രവർത്തനം തടസ്സപ്പെടുത്തിയെന്നും മററും കള്ള പരാതി നൽകി തന്റെ പേരിൽ കേസെടുപ്പിക്കുകുകയാണുണ്ടായതെന്ന് ജലീൽ ആരോഗ്യ വകുപ്പധികൃതർക്കും ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും നൽകിയ പരാതിയിൽ പറയുന്നു.

കേസിനു പിന്നിൽ ഇതാണ് കാര്യം

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലുമെല്ലാം ഒ പി സമയം 6 മണി വരെയാക്കി ദീർഘിപ്പിച്ചിരുന്നു. എന്നാൽ സാമൂഹികാരോഗ്യ കേന്ദ്രമായ മുക്കത്ത് 2 മണി വരെ മാത്രം ചികിത്സ തുടർന്നുകൊണ്ടിരുന്നു .ഇത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവരുകയും 6 മണി വരെയാക്കാൻ പ്രയത്നിക്കുകയും ചെയ്തത് ഇഷ്ടപ്പെടാത്ത ഡോകടർമാരാണ് പക വീട്ടാൻ കള്ള പരാതി നൽകി കേസെടുപ്പിച്ചത്.

-അബ്ദുൽജലീൽ ,ചെയർമാൻ ,

വയലിൽ മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്