വടകര: അശാസ്ത്രീയ നിര്‍മാണത്തിന്റെ പേരില്‍ നിരവധി പഴികേട്ട വടകര ലിങ്ക് റോഡിലൂടെയുള്ള പുതിയ ഗതാഗത പരിഷ്‌കാരവും ഇപ്പോള്‍ ഒരു ജീവന്‍കൂടിയെടുത്തു. ഇന്നലെ വൈകുന്നേരം ബസിടിച്ച് പരിക്കേറ്റ മയ്യന്നൂരിലെ ബിരുദ വിദ്യാർത്ഥിനി അനുശ്രീയാണ് മെഡിക്കല്‍ കോളജില്‍ മരിച്ചത്. വര്‍ഷങ്ങളോളം ഗതാഗതത്തിന് തുറന്നുകൊടുക്കാതിരുന്ന ലിങ്ക് റോഡ് പണി പൂര്‍ത്തായയതു മുതലുളള അപകടങ്ങളില്‍ നാലോളം പേരാണ് മരിച്ചത്.നിരവധി വളവും തിരിവും നിറഞ്ഞ ലിങ്ക് റോഡിനെ ചൊല്ലി ഏറെ പരാതികളുയർന്നിരുന്നു. ഇപ്പോള്‍ നഗരത്തിലെ ഗതാഗതസ്തംഭനം ഒഴിവാക്കാനെന്ന പേരില്‍ പഴയ ബസ്റ്റാന്‍ഡ് വഴി സര്‍വീസ് നടത്തിയിരുന്ന ബസുകള്‍ ലിങ്ക് റോഡ് വഴിയാക്കി. ഇവിടം മിനിസ്റ്റാന്റാക്കിയിരിക്കയാണ്. എന്നാല്‍ പഴയ സ്റ്റാന്‍ഡ് ഭാഗത്തെ ഗതാഗതക്കുരുക്കിന് ഒരു മാറ്റവും വന്നിട്ടില്ല. ലിങ്ക് റോഡില്‍ ഒരുവശത്ത് ബസ് നിര്‍ത്തിയിടുമ്പോള്‍ മറുവശത്തുകൂടി ബസുകളും മറ്റ് വാഹനങ്ങളും വേഗതയില്‍ പോകുന്നത് അപകടത്തിന് കാരണമാകുന്നതാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ബസ് കാത്തിരിക്കുന്നവര്‍ക്ക് മഴ നനയാതെ നില്‍ക്കാനുള്ള സൗകര്യങ്ങളും ഇവിടെ കുറവാണ്. റോഡ് മുറിച്ചു കടക്കുമ്പോള്‍ നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടാന്നത്. ഇന്നലെയും കൊയിലാണ്ടിയില്‍ നിന്നും ബസില്‍ വന്നിറങ്ങിയ പെണ്‍കുട്ടി റോഡ് മുറിച്ചു കടന്ന് പഴയ സ്റ്റാന്‍ഡിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. ഗതാഗത പരിഷ്‌കാരം ആരംഭിച്ചതുമുതല്‍ വിവിധ സംഘടനകള്‍ ഇതിന്റെ പേരില്‍ പ്രക്ഷോഭങ്ങളും ആരംഭിച്ചിരുന്നു. അധികാരികള്‍ക്ക് നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടും ഒരു ഫലവുമുണ്ടായില്ല. ഒടുവില്‍ വിദ്യാര്‍ഥിനിയുടെ ജീവനെടുക്കുന്നതിലേക്കാണ് കാര്യങ്ങളെത്തിയത്.