നാദാപുരം: കല്ലാച്ചിയിൽ വീണ്ടും ഐ.ഇ.ഡി.ബോംബിൻറെ പതിപ്പ് കണ്ടെത്തി. കല്ലാച്ചി സംസ്ഥാന പാതക്ക് സമീപത്തെ ഇടവഴിലാണ് ഐ.ഇ.ഡി. (ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസ്സീവ് ഡിവൈസ്) ബോംബിൻറെ മോഡൽ കണ്ടെത്തിയത്. ഇന്നലെ ശനിയാഴ്ച രാവിലെ പത്ത് മണിയോടെ ഇത് വഴി കടന്നുപോയ ഏതാനും വിദ്യാർത്ഥികളാണ് ഐ.ഇ.ഡി. ബോംബെന്ന് തോന്നിക്കുന്ന വസ്തു കണ്ടത്. ഇവർ ടൗണിലെ ഹോം ഗാർഡിനെ വിവരമറിയിച്ചു. തുടർന്ന് ഡിവൈഎസ്പി ജി സാബു, എസ്.ഐ. എൻ.പ്രജീഷ് എന്നിവരുടെ നേതൃത്വത്തിൽ നാദാപുരം പൊലീസ് സ്ഥലത്തെത്തി ഇത് കസ്റ്റഡിയിൽ എടുത്തു. മൂന്ന് പി വി സി പൈപ്പുകള്‍ക്ക് മുകളില്‍ ബാറ്ററികള്‍ ഘടിപ്പിച്ച് രണ്ട് ഇലക്ട്രോണിക് ഡയോഡുകളുമായി വയറുകൾ ഉപയോഗിച്ച് ബന്ധിപ്പിച്ച നിലയിലായിരുന്നു. കണ്ടെടുത്ത വസ്തുവിന് എത്രത്തോളം സ്‌ഫോടക ശേഷിയുണ്ടാകുമെന്ന ആശങ്കയിലായിരുന്നു പൊലീസ്. അതിനാൽ തന്നെ പൊലീസ് അതീവ ജാഗ്രതയോടെ ഇത് ചേലക്കാട് കരിങ്കൽ ക്വാറിയിൽ നിർവീര്യമാക്കാനായി എത്തിച്ചത്. തുടർന്ന് ബോംബ് സ്‌ക്വാഡ് വിദഗ്ദരെത്തി പരിശോധിച്ചപ്പോഴാണ് ഇതിൽ വെടി മരുന്നോ മറ്റ് സ്‌ഫോടക വസ്തുക്കളോ ഉപയോഗിച്ചിട്ടില്ലെന്ന് മനസിലാകുന്നത്.
നാദാപുരം മേഖയിൽ ആറാം തവണയാണ് ഐഇഡി മോഡൽ ബോംബ് കണ്ടെത്തുന്നത്. തീവ്രവാദ സംഘങ്ങൾ ഉപയോഗിക്കുന്ന തരത്തിലുള്ള ബോംബുകളുടെ മോഡലുകൾ കണ്ടെത്തിയിട്ടും പൊലീസിൻറെ ഭാഗത്തു നിന്നും കാര്യക്ഷമമായ അന്വേഷണം നടക്കാത്തത് സാധാരണ ജനങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.