ബാലുശ്ശേരി: വയസ്സ് നൂറിലേക്കെത്തിയെന്നത് വലിയ പ്രായമായൊന്നും മാധവി അമ്മ കാണുന്നേയില്ല. അടുക്കളയിലും പറമ്പിലുമൊക്കെയായി പണിത്തിരക്ക് തന്നെ. നിയ്ക്ക് കാഴ്ചക്കുറവോ കേൾവിക്കുറവോ ഒന്നൂല്ല. പിന്നെന്തിന് വെറുതെ ചടഞ്ഞിരിക്കണം ? ഇതാണ് അവരുടെ ചോദ്യം. മാണിക്യംചാലിൽ മാധവി അമ്മ ഇന്ന് മാധവി നൂറാം പിറന്നാൾ ആഘോഷിക്കുന്നത് അഞ്ചാം തലമുറക്കാർക്കൊപ്പം കൂടിയാണ്.
സഹോദരി ബാലുശ്ശേരി കല്ലാട്ട് കല്യാണി (97) എത്തുന്നുണ്ടെന്നതിൽ സന്തോഷം കുറച്ചൊന്നുമല്ല. അഞ്ചാം തലമുറയിലെ ഇളയ കണ്ണിയായ നാലു വയസ്സുകാരൻ അഹനുമുണ്ട്. കുടുംബാംഗങ്ങളും അയൽവാസികളുമെല്ലാമായി ഇരുന്നൂറോളം പേരുണ്ടാവും പിറന്നാൾസദ്യയുണ്ണാൻ. സ്വാതന്ത്ര്യസമരസേനാനി പരേതനായ നന്മണ്ട പടിഞ്ഞാറയിൽ കുഞ്ഞിരാമൻ മാരാരുടെ ഭാര്യയാണ് മാധവി അമ്മ. പരേതരായ പയിമ്പ്ര ചെമ്മേരി ഇട്ടിണ്ണി നായരുടെയും മാണിക്യം എന്ന മാളു അമ്മയുടെയും മകൾ. ഇവരിപ്പോൾ ഏകമകളും കരുമല ചിറ്റാരിപ്പൊയിൽ പരേതനായ രാഘവ മാരാരുടെ ഭാര്യയുമായ ജാനകി അമ്മയുടെ (80) വീട്ടിലാണ് താമസം.
ചിട്ടകൾക്ക് ഒരു മാറ്റവുമില്ല. രാവിലെ അഞ്ചിന് എഴുന്നേൽക്കും. ഉടനെ ഒരു കട്ടൻചായ കുടിക്കണം. പിന്നെ മുറ്റമടി. പച്ച വെള്ളത്തിൽ വിസ്തരിച്ചൊരു കുളി കഴിഞ്ഞാൽ പിന്നെ അടുക്കളപ്പണിയിലേക്ക്. മകളുടെ മകൻ വേണുഗോപാലിന്റെ ഭാര്യ ശശികല പറയും: ഈ അമ്മമ്മ ഒന്നും എടുക്കണ്ട. അവിടെ ഇരുന്നാപ്പോരേ. കേൾക്കില്ല. നീ അവിടെ ഇരുന്നോ ...ഞാനെടുത്തോളാം... പറമ്പിലെ ചേന, ചേമ്പ് കൃഷിയിലെല്ലാം മാധവി അമ്മയുടെ ഒരുകൈ സഹായം ഇപ്പോഴുമുണ്ട്. ഓല മടയാനും വിറക് എടുത്ത് വെയ്ക്കാനുമൊക്കെ കൂട്ടത്തിലുണ്ടാവും.
കുട്ടിക്കാലത്ത് കാരണവന്മാർക്ക് പിന്നാലെ വെറ്റിലച്ചെല്ലവുമായി നടക്കാറുണ്ട്. അതിൽ നിന്നു ഒരു ചെറിയ കഷണം പുകയില എടുത്ത് വായിൽ വെക്കും. ആറാം വയസ്സിൽ തുടങ്ങിയ ആ ശീലം ഇപ്പോഴും മുടങ്ങാതെയുണ്ട്. കല്യാണത്തിന്റെ കാര്യം ചോദിച്ചാൽ വിസ്തരിച്ചുതന്നെയായിരിക്കും കഥ. 18-ാം വയസ്സിലാണ് കല്യാണം. അന്ന് ചേളന്നൂരീന്ന് നന്മണ്ട 14 വരെ നടന്നതാ. കല്യാണത്തലേന്ന് ചെക്കനും മൂന്നോ നാലോ ചങ്ങായിമാരും കൂടി പെണ്ണിന്റെ പൊരേലേക്ക് വരും. അന്ന് ആടക്കൂടി പിറ്റേന്ന് പെണ്ണിനേം കൂട്ടി അങ്ങു പോകും.
ഭർത്താവുമൊന്നിച്ചു ജീവിച്ചത് ഏതാണ്ട് അഞ്ച് കൊല്ലം മാത്രം. ആള് മരിച്ചതല്ല, കൊന്നതാ. ഇതു പറയുമ്പോൾ മാധവി അമ്മയുടെ കണ്ണുകൾ നിറയുകയാണ്. എല്ലാ കാര്യങ്ങൾക്കും ഓടിനടക്കുന്ന ആളായിരുന്നു. ഒരു ദിവസം നന്മണ്ട 14-ൽ രണ്ടു പേർ അടി കൂടുന്നതറിഞ്ഞ് സമാധാനിപ്പിക്കാൻ പോയതാ. അതിലൊരുത്തൻ മൂപ്പരെ കുത്തിക്കൊന്നു. മോൾക്ക് അപ്പോ വെറും രണ്ടര വയസ്സാ. ഭർത്താവിന്റെ മരണശേഷം ചേളന്നൂർ 9-ൽ മാണിക്യം വീട്ടിലായി താമസം. വളപ്പിൽ കപ്പയും പയറും നെല്ലും ചാമകൃഷിയുമെല്ലാമുണ്ടായിരുന്നു. അന്നൊന്നും പെണ്ണുങ്ങള് പഠിക്കാൻ പോകേല. ന്നാലും ഞാൻ കരിമ്പനേന്റെ ഓലേല് എഴുത്താണി കൊണ്ട് കുറച്ചൊക്കെ എഴുതാൻ പഠിച്ചിയ്ക്കീ. മോള് പിന്നെ അഞ്ചാം ക്ലാസ്സു വരെയും പഠിച്ചു.