കാസർകോട്: ആർ.എസ്.എസിനെയും ബി.ജെ.പിയെയും എതിർക്കുന്നവരെ ഭീകരവാദികളായി മുദ്ര കുത്താനാണ് പാർലമെന്റിൽ യു.എ.പി.എ, എൻ.ഐ.എ നിയമങ്ങൾ ഭേദഗതി ചെയ്തതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
'വർഗീയത വേണ്ട, ജോലി മതി' എന്ന മുദ്രാവാക്യവുമായി ആഗസ്റ്റ് 15ന് ഡി.വൈ.എഫ്.ഐ ജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന യൂത്ത് സ്ട്രീറ്റ് കാമ്പയിനിന്റെ മുന്നോടിയായുള്ള വടക്കൻ മേഖലാജാഥ കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.
ഭീകരവാദികളെന്നു പറഞ്ഞ് പിടികൂടിയാൽ പിന്നെ അവർ ജീവിതത്തിൽ പുറംലോകം കാണില്ല. ഇത് രാജ്യത്ത് മറ്റൊരു അടിയന്തരവസ്ഥയുണ്ടാക്കും. വിരുദ്ധാഭിപ്രായം പറഞ്ഞാൽ എൽ.കെ അദ്വാനിയെയും ഇക്കൂട്ടർ ഭീകരവാദിയാക്കും. ആൾക്കൂട്ട ആക്രമണത്തിന്റെ കാര്യത്തിൽ പ്രധാനമന്ത്രിക്ക് കത്തെഴുതിയ അടൂർ ഗോപാലകൃഷ്ണന് ഇന്ത്യയിലെന്നല്ല, ഭൂമിയിൽ തന്നെ ജീവിക്കാനാകില്ലെന്നാണ് ഭീഷണി.
യു.എ.പി.എ, എൻ.ഐ.എ നിയമ ഭേദഗതി ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ കോൺഗ്രസും മുസ്ലിം ലീഗും എതിർത്തില്ല. ഇടതുപക്ഷ എം.പിമാരാണ് എതിർത്ത് വോട്ട് ചെയ്തത്. വർഗീയതയ്ക്കെതിരെയുള്ള പോരാട്ടത്തിൽ ഇരു കൂട്ടരും വിറങ്ങലിച്ച് നിൽക്കുകയാണെന്ന് കോടിയേരി ആക്ഷേപിച്ചു.
ചടങ്ങിൽ ജില്ലാ പ്രസിഡന്റ് പി.കെ. നിഷാന്ത് അദ്ധ്യക്ഷനായിരുന്നു. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം പി. കരുണാകരൻ, ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.പി സതീഷ്ചന്ദ്രൻ, സി.എച്ച് കുഞ്ഞമ്പു എന്നിവർ സംബന്ധിച്ചു. പി. ശിവപ്രസാദ് സ്വാഗതം പറഞ്ഞു.
ജാഥ 9ന് തൃശൂരിൽ സമാപിക്കും.