volley
പുരുഷ അണ്ടർ 23 വോളിബാൾ ചാമ്പ്യൻപ്പിനുള്ള ഇന്ത്യൻ ടീമിലിടം നേടിയ മുത്തുസാമിയും ഷോൺ ടി ജോണും സഹപരിശീലകൻ അബ്ദുൽ നാസറിനൊപ്പം

കോഴിക്കോട്: മ്യാൻമറിൽ ആഗസ്റ്റ് മൂന്നിന് ആരംഭിക്കുന്ന ഏഷ്യൻ പുരുഷ അണ്ടർ - 23 വോളിബാൾ ചാമ്പ്യൻപ്പിനുള്ള ഇന്ത്യൻ ടീമിൽ കെ.എസ്.ഇ.ബിയുടെ അറ്റാക്കർ ഷോൺ ടി.ജോണും തമിഴ്‌നാട് സ്വദേശിയും കേരള ടീമംഗവുമായ മുത്തുസാമിയും ഇടം നേടി. മുൻ പ്രീതം സിംഗാണ് മുഖ്യപരിശീലകൻ. കേരള കോച്ച് കോഴിക്കോട് നാദാപുരം ചെറുമോത്ത് സ്വദേശി അബ്ദുൽ നാസറാണ് ടീമിന്റെ സഹപരിശീലകൻ. ദേശീയ സീനിയർ ചാമ്പ്യൻഷിപ്പിലും ഫെഡറേഷൻ കപ്പിലും കേരള പുരുഷ ടീമിനെ കിരീടമണിയിക്കാൻ കഴിഞ്ഞു ഇദ്ദേഹത്തിന്.

പഞ്ചാബിലെ പാട്യാലയിൽ പരിശീലനം നടത്തുന്ന ഇന്ത്യൻ ടീം വ്യാഴാഴ്ച മ്യാൻമറിലേക്ക് തിരിക്കും.16 ടീമുകൾ പങ്കെടുക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ തായ്‌ലൻഡ്, ചൈന, ന്യൂസിലാൻഡ് ടീമുകൾക്കൊപ്പം പൂൾ ഡി യിലാണ് ഇന്ത്യ കളിക്കുന്നത്. മൂന്നിന് ചൈനയും നാലിന് ന്യൂസിലാൻഡും അഞ്ചിന് തായ്‌ലാൻഡുമാണ് ഇന്ത്യയുടെ എതിരാളികൾ.
ടീം: അമിത് കുമാർ, ഷോൺ ടി. ജോൺ, ചിരാഗ്, ഗഗൻ കുമാർ ( അറ്റാക്കർമാർ), ശിഖർ സിംഗ്, പ്രിൻസ്,സോനുകുമാർ (ബ്ലോക്കർമാർ), എം. അഷ്വിൻ രാജ്, ഹിമാൻഷു ത്യാഗി (യൂനിവേഴ്‌സൽ), മുത്തുസാമി, സഖ്‌ലൈൻ താരിഖ് ( സെറ്റർമാർ), ഹരിപ്രസാദ് (ലിബറോ).