ഫറോക്ക്: ജോലിവാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്തെന്ന കേസിൽ ഫറോക്ക് ചന്തയിൽ ടവറിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന കൊടവണ്ടി റംഷീദിനെതിരെ (22) സി.ഐ കെ. കൃഷ്ണൻ കേസ്സെടുത്തു. മൾട്ടി ലെവൽ മാർക്കറ്റിംഗിന്റെ പേരിൽ 75000 രൂപ വീതം വാങ്ങിയതായാണ് പരാതി. കോടമ്പുഴ സ്വദേശി പി.കെ. നൗഷീൽ ഉൾപ്പെടെ തിങ്കളാഴ്ച വൈകുന്നേരം പതിനഞ്ചിലേറെ പേർ സ്റ്റേഷനിൽ എത്തിയിരുന്നു.
2016 ലാണ് ഇയാൾ കോടമ്പുഴ, പള്ളിമേത്തൽ, പരുത്തിപാറ, ഫാറൂഖ് കോളേജ് എന്നിവിടങ്ങളിൽ നിന്നായി തട്ടിപ്പ് നടത്തിയത്. ലാഭവിഹിതമോ ടൂർ പാക്കേജോ നൽകിയിരുന്നില്ല . ക്യുനെറ്റ് എന്ന പേരിൽ മലേഷ്യൻ കമ്പനിയാണെന്നും ഓഫീസ് കോഴിക്കോട് അശോകപുരത്താണെന്നും പറഞ്ഞു ധരിപ്പിച്ചായിരുന്നു തട്ടിപ്പ്.
കുറച്ചായി മുങ്ങി നടക്കുകയായിരുന്നു യുവാവ്. തിങ്കളാഴ്ച വൈകുന്നേരം ചെറുവണ്ണൂർ ഫെഡറൽ ബാങ്കിന് സമീപത്ത് വെച്ച് പരാതിക്കാരനായ നൗഷിലിന്റെ സഹോദരൻ പി.കെ. നൗബിൽ യുവാവിനെ ആഡംബര കാറിൽ കണ്ടപ്പോൾ തടഞ്ഞുവെച്ചു. ആളുകളെ വിളിച്ചുകൂട്ടുമ്പോഴേക്കും നൗബിലിനെ പ്രതി ആക്രമിച്ചു പരിക്കേല്പിച്ചു. ഓടിക്കൂടിയ നാട്ടുകാർ നൗബിലിനെ ഫറോക്ക് ചുങ്കത്തെ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് തട്ടിപ്പിനിരയായവരും നല്ലളം പൊലിസും സ്ഥലത്തെത്തി. തുടർന്നാണ് തട്ടിപ്പിനരായവർ ഫറോക്ക് പൊലിസിൽ പരാതി നൽകിയത്. സിറ്റി പൊലിസ് കമ്മിഷണർക്കും യുവാവിനെതിരെ പരാതി നൽകിയിട്ടുണ്ട്. ക്യൂനെറ്റ് കേസിൽ പരുത്തിപ്പാറ ഇടയപ്പുറം ഹൗസിൽ മുഹമ്മദ് അസ്ഹറുദ്ദീനെ (24) കഴിഞ്ഞാഴ്ച പൊന്നാനി പൊലീസ് അറസ്റ്റു ചെയ്തിരുന്നു.