vkc

 പ്രതിസന്ധികൾ മറികടക്കാനാകുമെന്ന് വി.കെ.സി മമ്മദ് കോയ

കോഴിക്കോട്: ആളുകൾ ചെരിപ്പിടുന്ന കാലത്തോളം പാദരക്ഷാ വ്യവസായം നിലനിൽക്കുമെന്നും നിരന്തര പ്രയത്നത്തിലൂടെ ഈ രംഗത്തെ പ്രതിസന്ധികൾ മറികടക്കാനാകുമെന്നും വി.കെ.സി മമ്മദ് കോയ എം.എൽ.എ പറഞ്ഞു. ഫുട്‌വെയർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഒഫ് കേരളയുടെ (ഫൂമ) 'ഉണർവ് - 2019" പരിപാടി ഹൈലൈറ്റ് ബിസിനസ് പാർക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രതിസന്ധി മറികടക്കാനുള്ള പ്രധാന മാർഗം കാര്യങ്ങൾ ശരിയായി പഠിക്കുകയാണ്. കുറവ് അംഗീകരിച്ച് മുന്നോട്ട് പോകാൻ എല്ലാ വ്യവസായികളും തയ്യാറാകണം. വ്യവസായം നടത്തുമ്പോൾ കൃത്യമായ പ്ലാനിംഗ് വേണം. ചെരുപ്പ് വ്യവസായത്തിന് വലിയ സാദ്ധ്യതകൾ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാലഘട്ടത്തിന് അനുസരിച്ച് മാറ്റങ്ങൾ വ്യവസായത്തിൽ കൊണ്ടുവന്നാൽ മാത്രമേ മുന്നേറാനാകൂ എന്ന് പാദരക്ഷ സംരക്ഷണ സമിതി കൺവീനർ പി. ശശിധരൻ പറഞ്ഞു. 'ചെരുപ്പ് വ്യവസായം ഇന്ന്" എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാബു മാളിയേക്കൽ അദ്ധ്യക്ഷത വഹിച്ചു.

വ്യവസായത്തിന്റെ ലൈസൻസിംഗ് മുതൽ മാർക്കറ്റിംഗ് വരെയുള്ള വിഷയങ്ങൾ സംബന്ധിച്ച സെമിനാറുകളും നടന്നു. ഡി.ഐ.സി ജി.എം പി.എ. നജീബും സി.ഐ.എഫ്.ഐ ദേശീയ വൈസ് പ്രസിഡന്റ് വി.കെ.സി. നൗഷാദും വിഷയം അവതരിപ്പിച്ചു. ഫൂമ സെക്രട്ടറി എം. രജിത്ത്, കെ.എസ്.എസ്.ഐ.എ പ്രസിഡന്റ് എ.വി. സുനിൽനാഥ്, പി.പി. മുസമ്മിൽ, സിദ്ദിഖ്, കെ.കെ. സന്തോഷ്, കെ.കെ. സുകുമാരൻ എന്നിവർ സംസാരിച്ചു.