ചങ്ങനാശേരി : കനത്ത മഴയിൽ കോട്ടയം പാലാത്ര- ളായിക്കാട് ബൈപ്പാസ് റോഡിന്റെ ഇരുവശങ്ങൾ ഇടിഞ്ഞുതാഴുകയും മണ്ണ് ഒലിച്ചുപോകുകയും ചെയ്തു. പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി റോഡിന്റെ വശങ്ങൾ കുഴിക്കുകയും പിന്നീട് ഇതു മണ്ണിട്ട് മൂടുകയും ചെയ്തിരുന്നു. എന്നാൽ മഴ കനത്തതോടെ പുതുമണ്ണ് പൂർണ്ണമായി ഒലിച്ചുപോകുകയും ചിലഭാഗങ്ങളിൽ വിള്ളൽ രൂപപ്പെടുകയും ചെയ്തു. ഭാരവാഹനങ്ങൾ ചെളിയിൽ താഴുന്നതും റോഡ് ഇടിഞ്ഞുപോകുന്നതിനും പതിവായതോടെ നാട്ടുകാരും യാത്രക്കാരും ഭീതിയിലായി. ഇതോടെ, ഭാരവാഹനങ്ങൾ ഇതുവഴിവരരുതെന്ന് നാട്ടുകാർ മുന്നറിയിപ്പു ബോർഡ് സ്ഥാപിച്ചിരിക്കുകയാണ്. ഭാരവണ്ടികൾ മാത്രമല്ല, ഇരുചക്രവാഹനങ്ങളും ചെളിയിൽ അകപ്പെടുന്നുണ്ട്. കാൽനടപോലും ഇതുവഴി സാദ്ധ്യമല്ലാത്ത അവസ്ഥയാണുള്ളത്.
സ്‌കൂൾ കുട്ടികൾ ഉൾപ്പടെ ധാരാളം യാത്രക്കാർ ആശ്രയിക്കുന്ന റോഡാണ് ഇത്.
മഴയിൽ മണ്ണ് ഒലിച്ചുപോയതോടെ റോഡിന്റെ വശങ്ങൾ വിണ്ടുകീറാനുള്ള സാധ്യത ഏറെയാണ്. കുടിവെള്ള പൈപ്പിടുന്ന ജോലികൾ നടക്കുന്ന സമയത്ത് നടപ്പാതയിലെ ടൈലുകൾ ഇളക്കിമാറ്റിയിരുന്നു. എന്നാൽ ഈ ടൈലുകൾ റോഡിന്റെ വിവിധഭാഗങ്ങളിൽ ഇപ്പോൾ കൂട്ടിയിട്ടിരിക്കുകയാണ്. കാൽനടയാത്രക്കാരെയാണ് ഇത് ഏറെ ബാധിക്കുന്നത്. റോഡിന്റെ ഇരുവശങ്ങളും ബലപ്പിക്കുകയും നടപ്പാതയിലെ ടൈലുകൾ പുനസ്ഥാപിക്കുകയും വേണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.