കുറവിലങ്ങാട് : കടലിന്റെയും കടൽക്കാഴ്ചയുടെയും അനുഭവം ഉണർത്തുന്ന മറൈൻ ബയോളജി മ്യൂസിയത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു. കോഴായിലെ സയൻസ് സിറ്റിയിലെ റീജിയണൽ സയൻസ് സെന്ററിലാണ് മ്യൂസിയം ഒരുങ്ങുന്നത്. നീല വർണ്ണം ചാലിച്ചാണ് നാല് ചുവരിനുള്ളിൽ കടലിനെ പുനർനിർമ്മിച്ചിരിക്കുന്നത്. പവിഴപ്പുറ്റുകൾ, ചിപ്പികൾ, മുത്തുകൾ, മത്സ്യങ്ങളും കടൽ ജീവികൾ, കടൽ സസ്യങ്ങൾ, ചീനവലകൾ തുടങ്ങിയവയെല്ലാം അതേ സ്വാഭാവികതയോടെ ഇവിടെ ആവിഷ്കരിച്ചിരിക്കുകയാണ്. കൂടാതെ വെളിച്ചവും പശ്ചാത്തലവും കൂടിയാകുമ്പോൾ കടലിനെക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്നു മറൈൻ ബയോളജി മ്യൂസിയം. കടലിലെ വിവിധ പ്രതിഭാസങ്ങളായ കടൽക്കാറ്റ് , തിരമാലകൾ, വേലിയേറ്റം, വേലിയിറക്കം, കടലിന്റെ വിവധ തലങ്ങൾ തുടങ്ങിയവയെക്കുറിച്ച് അറിയാനും പഠിക്കാനും ഇവിടെ സൗകര്യം ലഭ്യമാക്കും. ഇതിനു പുറമെ, വൻകരകളെക്കുറിച്ചും സമുദ്രത്തിലെ താപനിലയെക്കുറിച്ചുമെല്ലാം ഇവിടെ നിന്ന് അറിയാം. മനുഷ്യൻ എന്നും കൗതുകത്തോടെ കാണുന്ന കടലിനെയും കടലിലെ മാറ്റങ്ങളെയും കൃത്യമായി പഠിപ്പിച്ചുതരാൻ പറ്റിയ ഒരിടം തന്നെയായിരിക്കും സയൻസ് സിറ്റിയിലെ മറൈൻ ബയോളജി മ്യൂസിയം. സയൻസ് സെന്ററിന്റെ കവാടത്തിനോട് ചേർന്നുള്ള മ്യൂസിയം, മറൈൻ ബയോളജി മ്യൂസിയം, ത്രിഡി പ്രദർശന ഹാൾ എന്നിവയുടെ നിർമ്മാണമാണ് ഇപ്പോൾ പുരോഗിക്കുന്നത്. സ്റ്റേഡിയം, കോൺഫറൻസ് ഹാൾ, മറ്റ് ഒാഫീസ് കെട്ടിടങ്ങൾ എന്നിവയുടെ നിർമ്മാണവും പുരോഗമിക്കുകയാണ്. അതേസമയം, സയൻസ് സിറ്റിയിലെ റോഡുകൾ, ജലസംഭരണികൾ എന്നിവയുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും വികസനം ഇതുവരെയും തുടങ്ങിയിട്ടില്ല.