newss

കോട്ടയം: കാലവർഷത്തിലെ ഊത്തപിടുത്തം വ്യാപകമായതോടെ പൊലീസും റവന്യു വകുപ്പും രംഗത്തെത്തി. ഇതിന്റെ ഭാഗമായി തോടിനും ആറിനും കുറുകെ കെട്ടിയിരുന്ന വലകളും കൂടുകളും പിടിച്ചെടുത്ത് നശിപ്പിച്ചു. പുതുപ്പള്ളി, കൊല്ലാട്ട്, തൃക്കോതമംഗലം എന്നിവിടങ്ങളിലെ തോടിന് കുറുകെ കെട്ടിയിരുന്ന തടയണകൾ പൊളിച്ചു കളഞ്ഞു. വിവിധയിനം മത്സ്യങ്ങളുടെ വംശനാശത്തിന് ഊത്തപിടുത്തം ഇടയാക്കുമെന്ന സർക്കാരിന്റെ കണ്ടെത്തലിനെത്തുടർന്നാണ് പൊലീസും റവന്യുവകുപ്പും രംഗത്തെത്തിയത്.

മത്സ്യം മുട്ടയിടുന്ന സമയമാണിത്. ഇപ്പോൾ മീൻ പിടിച്ചാൽ വംശനാശം നേരിടുമെന്നാണ് കണ്ടെത്തൽ. അതിനാലാണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. എന്നാൽ നാടൻ മത്സ്യബന്ധനത്തിനും ഈ നിരോധനമുണ്ടെന്ന കാര്യം പലർക്കും അറിയില്ല.

കിഴക്കൻ വെള്ളം എത്തിയതോടെ പാടങ്ങളും കൈതോടുകളും പുഴകളുമെല്ലാം നിറഞ്ഞിരുന്നു. ഇതോടെയാണ് ഊത്തപിടുത്തം ജില്ലയിൽ സജീവമായത്. വീശ്, കോര്, ഉടക്ക് വലകൾ ഉപയോഗിച്ച് മുട്ടയുള്ളവയുൾപ്പടെ ചെറു മീനുകളെ പോലും വീശിപ്പിടിക്കുന്നു. ഈ സാഹചര്യത്തിൽ ശുദ്ധജല മത്സ്യങ്ങളുടെ നിലനിൽപ്പ് തന്നെ അപകടത്തിലായി.

അപകടം പിടിച്ച രീതിയിലാണ് പലയിടത്തും ഊത്തപിടിത്തം നടക്കുന്നത്. വയർ നിറയെ മുട്ടകളുമായി ഒഴുക്കിനെതിരെ നീന്തി പ്രജനന കേന്ദ്രങ്ങളിലേക്ക് എത്തുന്ന മത്സ്യങ്ങളുടെ വഴിയിൽ മുളയും വലയും കൊണ്ട് തടയണ കെട്ടി, കെണി ഒരുക്കിയിരിക്കുകയാണ്. കൊതുക് വലയ്ക്ക് സമാനമായ വലകളാണ് ഇപ്പോൾ പലയിടങ്ങളിലും മീൻപിടിക്കാൻ ഉപയോഗിക്കുന്നത്. ഇതോടെ എല്ലാ ജലജീവികളും ഇതിൽ അകപ്പെടുന്നു. എന്തിന് പച്ചത്തവളപോലും.

നാടൻ ശുദ്ധജലമത്സ്യങ്ങൾ വംശനാശ ഭീഷണി നേരിടാൻ തുടങ്ങിയതോടെയാണ് ഇവയുടെ പ്രജനനകാലത്തുള്ള മീൻപിടിത്തം 2010 ലെ കേരള അക്വകൾച്ചർ ആൻഡ് ഫിഷറീസ് നിയമപ്രകാരം തടഞ്ഞത്. ഇത് ലംഘിക്കുന്നവർക്ക് 10,000 രൂപ പിഴയോ മൂന്ന് മാസം തടവോ രണ്ടും കൂടിയോ ലഭിക്കാം. ആവർത്തിച്ചാൽ ആറ് മാസം തടവോ 10,000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

വരാൽ, കാരി, വാള, തൂളി, ആരകൻ, ചെമ്പല്ലി, പള്ളത്തി തുടങ്ങിയവ വംശനാശ ഭീഷണി നേരിടുന്ന ശുദ്ധജല മത്സ്യങ്ങളാണ്. മൺസൂൺ കാലത്തെ അശാസ്ത്രീയ മീൻപിടുത്തമാണ് വംശനാശത്തിന് പ്രധാന കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്തായാലും, നിയമത്തിലെ പോരായ്മകൾ പരിഹരിച്ച് നിയന്ത്രണം കർശനമാക്കാനാണ് സർക്കാർ തീരുമാനം. ഇതിന് തുടർച്ചയായിട്ടാണ് മീൻ പിടിത്തം നടക്കുന്ന തോടുകളിലും ആറുകളിലും പൊലീസും റവന്യു വകുപ്പും എത്തിത്തുടങ്ങിയത്.