കുറവിലങ്ങാട് : കടലില്ലാത്ത കോട്ടയത്തിന് കടൽക്കാഴ്ച്ചയുടെ അസുലഭാനുഭവം പകരാൻ കോഴ റീജിയണൽ സയൻസ് സെന്ററിലെ മറൈൻ ബയോളജി മ്യൂസിയം ഒരുങ്ങുന്നു. നീലവർണം ചാലിച്ചെഴുതിയ വിശാലമായ നാല് ചുവരുകൾക്കുള്ളിൽ കടലിനെ പുനർനിർമ്മിക്കുകയാണിവിടെ. ഈ കൃത്രിമക്കടലിൽ പവിഴപ്പുറ്റുകളും ചിപ്പികളും സസ്യങ്ങളും മത്സ്യങ്ങളും അടക്കമുള്ളവ നിങ്ങൾക്കു കാണാം. ശബ്ദവും വെളിച്ചവും കൊണ്ട് കടലിന്റെ പശ്ചാത്തല സൗന്ദര്യവും ഇവിടേയ്ക്ക് ആവാഹിക്കും. കടൽക്കാറ്റും വേലിയേറ്റവും വേലിയിറക്കവും അടക്കമുള്ള കടലിന്റെ പ്രതിഭാസങ്ങൾക്കു പിന്നിലെ രഹസ്യങ്ങൾ ശാസ്ത്രീയമായി മനസിലാക്കാനും സൗകര്യവുമൊരുക്കും. വൻകരകളിലേയും സമുദ്രത്തിലെയും താപനില താരതമ്യം ചെയ്ത് പഠിക്കാനുമാവും. മാനവരാശി എന്നും കൗതുകത്തോടെ നോക്കിക്കാണുന്ന കടലിന്റെ ഉള്ളറ രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന ഒരിടം തന്നെയാവും ഈ മ്യൂസിയം.
2015 ലാണ് മ്യൂസിയം ഉൾപ്പെടുന്ന സയൻസ് സിറ്റിയുടെ നിർമ്മാണം ആരംഭിച്ചത്. സാങ്കേതിക കാരണങ്ങളാൽ ചില തടസങ്ങൾ നേരിട്ടു. ഇപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വൈദ്യുതി കണക്ഷൻ ലഭിക്കാത്തതാണ് നിർമ്മാണത്തിന് പ്രധാന തടസം.
" സബ് സ്റ്റേഷൻ സ്ഥാപിച്ചെങ്കിലും ഇതുവരെ വൈദ്യുതി ലഭിച്ചിട്ടില്ല. താൽക്കാലിക സംവിധാനത്തിലാണ് നിർമ്മാണം നടത്തുന്നത്. എങ്കിലും ഈ വർഷം അവസാനത്തോടെ സയൻസ് സിറ്റി നാടിന് സമർപ്പിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. "
സഭാപതി, സയൻസ് സിറ്റി ഒാഫീസർ ഇൻചാർജ്