തൊടുപുഴ: ചിട്ടിത്തട്ടിപ്പ് കേസിൽ ആരോപണ വിധേയനാക്കപ്പെട്ട് പൊലീസിന്റെ ക്രൂരമായ മർദ്ദനത്തിനിരയായി ജീവൻ വെടിയേണ്ടി വന്ന രാജ്കുമാർ നാട്ടുകാരിൽ നിന്ന് പിരിച്ചെടുത്ത ഒരു കോടി രൂപ എവിടെ? ഇത് ഒരാൾക്ക് കടമായി നൽകിയിരുന്നതായി രാജ്കുമാർ ചിലരോട് വെളിപ്പെടുത്തിയിരുന്നു. പിടിക്കപ്പെട്ടപ്പോൾ പൊലീസിനോടും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഇതുകൂടാതെ 60 ലക്ഷം രൂപ വട്ടിപ്പലിശയ്ക്ക് പലർക്കായി നൽകിയിരുന്നതായും പറഞ്ഞിരുന്നു. രാജ്കുമാറുമായി തെളിപ്പെടുപ്പിന് പോയ പൊലീസ് കണ്ടെത്തിയത് 72,500 രൂപയാണ്. അതിനിടെ പൊലീസുകാരുടെ ക്രൂരമർദ്ദനം ഏൽക്കേണ്ടിവന്ന രാജ് കുമാർ മരണപ്പെട്ടു.
എന്നാൽ, രാജ്കുമാർ ആർക്കോ നൽകിയെന്ന് പറയപ്പെടുന്ന ഒരു കോടി രൂപയെക്കുറിച്ച് പൊലീസ് ഇതുവരെ അന്വേഷണം നടത്തിയിട്ടില്ലെന്നാണ് സൂചന. അതാണ് സംശയം ബലപ്പെടുത്തുന്നതും. രാജ്കുമാർ കൊല്ലപ്പെട്ടതോടെ പൊലീസിനെ രക്ഷിക്കാൻ ചില ഭാഗത്തുനിന്ന് ശ്രമമുണ്ടായെന്നും ആരോപണമുണ്ട്. അതിന് ചുക്കാൻ പിടിച്ചത് ഒരു രാഷ്ട്രീയ നേതാവാണെന്നും നാട്ടുകാർക്കിടയിൽ സംസാരമുണ്ട്. എന്നാൽ, ഇതുവരെ അക്കാര്യത്തിൽ വ്യക്തത വരികയോ അതേക്കുറിച്ച് അന്വേഷണം നടത്തുകയോ ചെയ്തിട്ടില്ല. അതിനാൽ, ഉരുട്ടിക്കൊലയിൽ ദൂരൂഹത ഏറിവരുന്നതായാണ് ആരോപണം.
നെടുങ്കണ്ടം പൊലീസ് രാജ്കുമാറിനെ പിടികൂടിയ അന്നുതന്നെ ജില്ലാ പൊലീസ് ചീഫ് ഉൾപ്പെടെയുള്ളവർക്ക് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നല്കിയിരുന്നു. എന്നാൽ കോടതിയിൽ ഹാജരാക്കാനുള്ള സമയം കഴിഞ്ഞിട്ടും അതിനായി മേലധികാരികൾ ആവശ്യപ്പെട്ടില്ല. പൊലീസുകാരോട് വിശദീകരണം ചോദിച്ചതുമില്ല. അതിനാൽതന്നെ സംഭവത്തിന് പിന്നിൽ ചില കറുത്ത കൈകൾ പ്രവർത്തിച്ചോ എന്ന സംശയം ബലപ്പെടുകയാണ്. തുക സംബന്ധിച്ച് വ്യക്തമായ ഒരു വിവരവും ഇപ്പോഴും പൊലീസ് പുറത്ത് വിട്ടിട്ടില്ല. പത്ത് ലക്ഷത്തിൽ താഴെ മാത്രമുള്ള തുകയുടെ ഇടപാടാണ് നടന്നതെന്ന തരത്തിലാണ് പൊലീസ് പറയുന്നത്.
ഹരിത ഫിനാൻസ് എന്ന ചിട്ടിക്കമ്പനിയിൽ നിന്ന് വായ്പ നൽകാമെന്ന് പറഞ്ഞാണ് രാജ് കുമാർ പലരിൽ നിന്നായി പണം വാങ്ങിയതെന്നാണ് ആരോപണം. ആയിരം രൂപ പ്രോസസിംഗ് ഫീസായി അടച്ചാൽ ഒരു ലക്ഷം രൂപ വായ്പ എന്നതായിരുന്നു സ്ഥാപനം നല്കിയ വാഗ്ദാനം. രണ്ടായിരത്തിന് രണ്ടുലക്ഷവും. പതിനായിരവും ഇരുപത്തി അയ്യായിരവും ഇതിൽ നിക്ഷേപിച്ചവരുണ്ട്. സംഘങ്ങൾക്ക് പുറമെ സ്വകാര്യ വ്യക്തികൾക്കും വായ്പ നല്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. തൂക്കുപാലം, കമ്പംമെട്ട്, കുഴിത്തൊളു, കൊച്ചറ, മഞ്ഞപ്പാറ, മൂന്നാർ, ചിന്നക്കനാൽ എന്നിവിടങ്ങളിലുള്ള ആളുകളാണ് പണം നിക്ഷേപിച്ചത്. മൂന്നു മാസത്തിനകം ലോൺ അനുവദിക്കുമെന്നാണ് പറഞ്ഞിരുന്നത്.
ഏകദേശം ഒന്നര മാസം മുമ്പാണ് ഹരിതാ ഫിനാൻസിന്റെ ഓഫീസ് തൂക്കുപാലത്ത് ആരംഭിച്ചത്. പിന്നീട് ദിവസേന ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് ആളുകൾ സ്ഥാപനത്തിൽ എത്തിയിരുന്നു. ഓഫീസിൽ മാത്രം 20 ഓളം ജീവനക്കാരാണ് ഉണ്ടായിരുന്നത്. ബിരുദധാരികളെയാണ് ഓഫീസ് ജോലികൾക്കായി നിയമിച്ചിരുന്നത്. 20,000 രൂപയാണ് ശമ്പളം പറഞ്ഞിരുന്നത്. ഓരോരുത്തരിൽനിന്നും 25,000 രൂപ സെക്യൂരിറ്റിയായി വാങ്ങിയിരുന്നു. എന്നാൽ തമിഴ് മാത്രം അറിയാവുന്ന, എട്ടാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള രാജ്കുമാർ കോടികളുടെ ഇടപാട് എങ്ങനെ നടത്തിയെന്നാണ് സംശയമുയരുന്നത്. ആരെങ്കിലും ഇതിന് പിറകിൽ ഉണ്ടാവുമെന്നാണ് നാട്ടുകാരും ഭാര്യയും അമ്മയും ഉറച്ചുവിശ്വസിക്കുന്നത്. നാട്ടുകാരിൽ നിന്ന് രാജ് കുമാർ പിരിച്ച പണം കുമിളിയിലെ അജ്ഞാത കേന്ദ്രത്തിലാണ് എത്തിച്ചിരുന്നതെന്ന് ചിട്ടിക്കമ്പനിയിലെ ഒരു ജീവനക്കാരി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. വാഹനത്തിലാണ് പണം കൊണ്ടുപോയിരുന്നത്. എന്നാൽ, ഇത് സ്വീകരിച്ചിരുന്നത് ആരാണെന്ന് അറിയില്ലെന്നായിരുന്നു ജീവനക്കാരിയുടെ വെളിപ്പെടുത്തൽ. ഈ ഇടപാടിന് ഉരുട്ടിക്കൊലയുമായി ബന്ധമുണ്ടോ എന്ന് ശക്തമായ രീതിയിലുള്ള അന്വേഷണത്തിലൂടെയേ പുറത്തുവരൂ എന്നാണ് നാട്ടുകാർ പറയുന്നത്. ക്രൈംബ്രാഞ്ച് ഈ വഴിക്ക് അന്വേഷണം തുടങ്ങിയതായും സൂചനയുണ്ട്.