പാലാ: ഭരണങ്ങാനത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ വീട്ടിൽ വാറ്റു ചാരായ കച്ചവടം നടത്തിവന്നയാൾ പിടയിലായി. ഭരണങ്ങാനം പള്ളിക്കുന്നേൽ തങ്കച്ചനെയാണ് (55)​ ഇരുപത്തിരണ്ട് ലിറ്റർ ചാരായവുമായി പിടികൂടിയത്. എക്സൈസ് പാലാ റേഞ്ച് ഇൻസ്പെക്ടർ കെ.ബി ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. ഇന്നലെ പുലർച്ചെ നാല് മണിയോടെയായിരുന്നു പരിശോധന. രഹസ്യ വിവരത്തെ തുടർന്ന് ഏതാനും ദിവസമായി തങ്കച്ചനെ എക്സൈസ് നിരീക്ഷിച്ചുവരികയായിരുന്നു. ഉഴവൂർ സ്വദേശിയെന്ന വ്യാജേന എക്സൈസ് ഇൻസ്പെക്ടർ പത്ത് ലിറ്റർ ചാരായം ആവശ്യപ്പെട്ട് തങ്കച്ചനെ സമീപിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ വന്നാൽ ചാരായം നൽകാമെന്ന് തങ്കച്ചൻ അറിയിച്ചു. ഇതോടെ എക്സൈസ് സംഘം പുലർച്ചെ ഇയാളുടെ വീട് വളയുകയായിരുന്നു. ചാരായം വാറ്റാൻ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. അൻപതോളം ലിറ്റർ ചാരായം ആഴ്ചയിൽ തങ്കച്ചൻ വിറ്രിരുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.