കോട്ടയം : തിമർത്ത് പെയ്യുന്ന മഴ. മുൻകാലങ്ങളിൽ കുട്ടനാടും അപ്പർകുട്ടനാടും രണ്ടാം കൃഷിക്കൊരുങ്ങുമ്പോൾ ഇതായിരുന്നു സാഹചര്യം. പക്ഷേ ഇത്തവണ കാര്യങ്ങൾ മറിച്ചായി. ജൂൺ പിന്നിട്ട് ജൂലായിലേക്ക് എത്തിയിട്ടും മഴയില്ല. വേഴാമ്പലിനെ പോലെ മഴയ്ക്കായി കാത്തിരിക്കുകയാണ് കർഷകർ. ആവശ്യത്തിന് മഴ ലഭിച്ചില്ലെങ്കിൽ രണ്ടാം കൃഷി വലിയ പ്രതിസന്ധിയാകും. കലാവസ്ഥ തിരിച്ചടിച്ചതോടെ കുട്ടനാടൻ പാടശേഖരങ്ങൾ പമ്പിംഗ് ആരംഭിക്കാത്തതും പ്രശ്നമായി. കഴിഞ്ഞ തവണ പുഞ്ചകൃഷിയിൽ നിന്ന് നല്ല വിളവ് ലഭിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കർഷകർ രണ്ടാം കൃഷിക്ക് തയ്യാറെടുക്കുന്നത്. എന്നാൽ പമ്പിംഗ് വൈകുന്നതിനാൽ കുട്ടനാട്ടിലെ പല പാടശേഖരങ്ങളിലും വിത ഉൾപ്പെടെയുള്ള ജോലികൾ ഇനിയും തുടങ്ങിയിട്ടില്ല. അപ്പർകുട്ടനാട്ടിലെ വൈക്കം, വെച്ചൂർ, കല്ലറ തുടങ്ങിയ പ്രദേശങ്ങളിലെ പാടശേഖരങ്ങളിലും രണ്ടാം കൃഷിക്ക് ഒരുക്കങ്ങൾ നടക്കുകയാണ്. ജലനിരപ്പ് താഴ്ന്നിട്ടുണ്ടെങ്കിലും തോടുകളിൽ നിന്ന് പാടശേഖരങ്ങളിലേക്ക് വെള്ളമെത്തിക്കാൻ ഇവിടെ താത്കാലിക സംവിധാനം ഒരുക്കിയിട്ടുണ്ട്. അതേസമയം, വരും ദിവസങ്ങളിലും കാലാവസ്ഥ ചതിച്ചാൽ അത് ഇവിടത്തെ കൃഷിയെയും ബാധിക്കും.

കുട്ടനാടൻ പ്രദേശത്തെ ചമ്പക്കുളം, എടത്വ, തലവടി, നെടുമുടി എന്നിവിടങ്ങളിലെ പാടശേഖരങ്ങളിൽ വിത ആരംഭിച്ചെങ്കിലും കൈനകരിയിൽ ഓരുവെള്ള ഭീഷണിയുള്ളതിനാൽ മറ്റ് ഒരുക്കങ്ങൾ ഇനിയും തുടങ്ങിയിട്ടില്ല. കാലവർഷം കനത്ത് ഓരുവെള്ളം പൂർണമായി ഒഴുകിമാറിയാലുടൻ കൃഷി ആരംഭിക്കാമെന്നാണ് കർഷകർ പറയുന്നത്. എന്നാൽ നല്ല മഴ ലഭിച്ചില്ലെങ്കിൽ കർഷകരുടെ ഈ പ്രതീക്ഷയും അസ്ഥാനത്താകും. കനത്ത മഴ ഉടൻ ഉണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ടെങ്കിലും അത് സത്യമാകുമോയെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.

അതേസമയം, പാടശേഖരങ്ങളിൽ ജൂലായ് ആദ്യവാരത്തോടെ വിത പൂർത്തിയാക്കാനാകുമെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

ബണ്ട് ബലപ്പെടുത്തണം

രണ്ടാം കൃഷി നടക്കുന്ന പാടശേഖരങ്ങളിൽ മടവീഴ്ചയ്ക്കുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. പ്രളയത്തിൽ പല പാടശേഖരങ്ങളുടെയും പുറംബണ്ട് തകർന്നിരുന്നു. ഇത് പിന്നീട് താൽക്കാലികമായി പുനസ്ഥാപിച്ചെങ്കിലും വെള്ളപ്പൊക്കമുണ്ടായാൽ ഇവയിൽ പലതും തകരാനുള്ള സാഹചര്യമുണ്ടെന്ന് കർഷകർ പറയുന്നു. അതോടെ കുട്ടനാട്ടിലെ പാടശേഖരങ്ങളിൽ കൃഷി ഉപേക്ഷിക്കേണ്ട സ്ഥിതിയുണ്ടാകുമെന്നും കർഷകർ വിലപിക്കുന്നു.