പാലാ: എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ.ബി. ബിനു ഉഴവൂരുകാരൻ ജോസച്ചായനായി ; 22 ലിറ്റർ വാറ്റുചാരായവുമായി ഭരണങ്ങാനം പള്ളിക്കുന്നേൽ തങ്കച്ചൻ (55) പിടിയിലുമായി. വിവാഹ ആവശ്യത്തിന് വാറ്റു ചാരായം തേടിയാണ് 'ജോസച്ചായൻ ' നേരത്തേ സമീപിച്ചത്. 'എക്‌സൈസുകാർ ' ചെക്കിംഗ് ഉള്ളതിനാൽ തിങ്കളാഴ്ച പുലർച്ചെ ഭരണങ്ങാനത്തെത്താൻ തങ്കച്ചൻ ജോസച്ചായനോട് ആവശ്യപ്പെട്ടു. പക്ഷേ ഇന്നലെ പുലർച്ചെ അച്ചായൻ എക്‌സൈസ് ഇൻസ്‌പെക്ടറുടെ യൂണിഫോമിലാണ് എത്തിയത് ! സംഭവം പിടി കിട്ടിയതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വനിതകൾ കൂടി ഉൾപ്പെട്ട എക്‌സൈസ് സംഘം അപ്പോഴേയ്ക്കും വീടു വളഞ്ഞിരുന്നു.
22 ലിറ്റർ ചാരായവും ചാരായം വാറ്റുന്നതിനുള്ള ഉപകരണങ്ങളും ഇയാളുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തു.
സ്വന്തമായി ചാരായം വാറ്റിയ ശേഷം ലിറ്ററിന് ആയിരം രൂപ നിരക്കിലായിരുന്നൂ കച്ചവടം . വിശ്വസ്തരായവർക്ക് മാത്രം വിൽപ്പന നടത്തുകയായിരുന്നു തങ്കച്ചന്റെ രീതി. പക്ഷേ ഒരു വേള ഉഴവൂരെ ജോസച്ചായനെ 'വിശ്വസിച്ചു ' പോയതാണ് തങ്കച്ചന് പണിയായത്.
സംഭവത്തിന് മറ്റൊരു പിന്നാമ്പുറം കൂടിയുണ്ട്. മൂന്നാഴ്ച മുമ്പ് പൊതുസ്ഥലത്ത് മദ്യപിച്ച കുറ്റത്തിന് ഒരാളെ പാലാ ടൗണിൽനിന്ന് എക്‌സൈസ് ഇൻസ്‌പെക്ടറും സംഘവുംചേർന്ന് പിടികൂടിയിരുന്നു. ഇയാളുമായി സംസാരിച്ചതിൽ നിന്നും ഭരണങ്ങാനം ഭാഗത്തുള്ള ചിലർക്ക് വാറ്റുചാരായം ലഭിക്കുന്നതായി വിവരം ലഭിച്ചു .അതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് തങ്കച്ചന്റെ വൻകിട വാറ്റിനെപ്പറ്റി വിവരം ലഭിച്ചത്.
തങ്കച്ചന് എല്ലാദിവസവും ചാരായം വിൽപനയില്ലെന്നും വിശേഷദിവസങ്ങളിലും, അവസരങ്ങളിലും മാത്രമാണ് വിൽപ്പനയെന്നും മനസ്സിലാക്കിയ ശേഷമാണ് വിവാഹ ആഘോഷത്തിന് കൊഴുപ്പേകാൻ വാറ്റുചാരായം തേടി ജോസച്ചായൻ, തങ്കച്ചനെ സമീപിച്ചത്. മദ്യഷാപ്പുകൾ അവധിയായ ഒന്നാം തീയതി തങ്കച്ചന് വേറെയും 'ഓർഡർ ' ഉണ്ടായിരുന്നു. അതാണ് 22 ലിറ്ററോളം ഒന്നിച്ചുണ്ടാക്കാൻ കാരണമെന്ന് എക്‌സൈസ് പാലാ റേഞ്ച് ഇൻസ്‌പെക്ടർ കെ ബി. ബിനു പറഞ്ഞു.
കന്നാസിലും ഒരു ലിറ്റർ കുപ്പികളിൽ നിറച്ച നിലയിലും ആയിരുന്നു ചാരായം സൂക്ഷിച്ചിരുന്നത്. തുടർന്ന് നടന്ന പരിശോധനയിൽ വീട്ടിൽ ഒളിപ്പിച്ചുവെച്ച നിലയിൽ വാറ്റുപകരണങ്ങളും കണ്ടെടുത്തു. പാലാ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രിവന്റിവ് ഓഫീസർമാരായ ബാബു മാത്യു ,അനീഷ് കുമാർ .കെ. വി, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജോബി അഗസ്റ്റിൻ ,അഭിലാഷ് സി.എ. അഭിലാഷ് .എം. ജി.,മിഥുൻ മാത്യൂ, ഷിബു ജോസഫ് , സി. കണ്ണൻ,സഞ്ജു മാത്യൂസ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരായ വിനീതാ.വി.നായർ, ജയപ്രഭാ.എം.വി.എന്നിവർ ചേർന്നാണ് തങ്കച്ചന്റെ വീട് വളഞ്ഞ് റെയ്ഡ് നടത്തിയത്.