kanakku-slab-sthapikkunnu

തലയോലപ്പറമ്പ് : വർഷങ്ങളായുള്ള നാട്ടുകാരുടെ പരാതിക്ക് ഒടുവിൽ പരിഹാരമായി. പെരുവ - പിറവം റോഡിലെ വടുകുന്നപ്പുഴ ചടയൻകാവ് ക്ഷേത്രത്തിന് സമീപമുള്ള കൊടും വളവിലുള്ള കാന സ്ലാബ് ഇട്ട് മൂടാൻ പൊതുമരാമത്ത് വകുപ്പ് അധികൃതർ നടപടികൾ ആരംഭിച്ചു. വർഷങ്ങളായി മൂടിയില്ലാത്തതിനാൽ നിരവധി അപകടങ്ങളാണ് ഇവിടെ നടന്നത്. കൊടും വളവിൽ ബൈക്ക് യാത്രികർ ഓടയിൽ വീണ് അപകടത്തിൽപ്പെടുന്നത് പതിവായിരുന്നു. കാൽനട യാത്രക്കാരും കാനയിൽ വീണ് പരിക്ക് പറ്റുന്നതും സ്ഥിരം സംഭവമായിരുന്നു. അഞ്ച് വർഷത്തിനിടെ ഈ ഭാഗത്തുണ്ടായ 40 ഓളം അപകടങ്ങളിൽ 17 പേർക്ക് പരിക്കേൽക്കുകയും അഞ്ച് പേർ മരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ കാനയിൽ വീണ് ഗുരുതരമായി പരിക്കേറ്റ കുന്നപ്പിള്ളി കണിയാംപറമ്പിൽ ശ്രീഹരി (19) മരിച്ചതാണ് ഒടുവിലത്തെ സംഭവം. രാത്രികാലങ്ങളിൽ എതിർദിശയിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോളാണ് വാഹനങ്ങൾ വീണ് അപകടങ്ങൾ ഉണ്ടാകുന്നത്. അപകടങ്ങൾ നിത്യസംഭവമായതോടെ നാട്ടുകാർ ബന്ധപ്പെട്ട അധികൃതർക്ക് നിരവധി തവണ പരാതി നൽകിയിരുന്നു.

* അഞ്ച് വർഷത്തിനിടെ 40 ഓളം അപകടങ്ങൾ

* പരിക്കേറ്റവർ 17, മരിച്ചവർ 5