n

പാലാ: പുതുതായി ആവിഷ്‌ക്കരിച്ച 'ശ്രീപത്മനാഭം' സഹായ പദ്ധതിയുടെ പ്രഖ്യാപനവുമായി മീനച്ചിൽ താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ 2019-20 വർഷത്തേക്കുള്ള ബഡ്ജറ്റ് യൂണിയൻ സെക്രട്ടറി ഉഴവൂർ വി.കെ. രഘുനാഥൻ നായർ അവതരിപ്പിച്ചു.

വിദ്യാഭ്യാസം, ചികിത്സ, വിവാഹം എന്നിവയ്ക്ക് പ്രത്യേക ധനസഹായം നൽകുന്നതിനായി ആവിഷ്‌ക്കരിച്ചതാണ് ശ്രീപത്മനാഭം പദ്ധതി. ഇതിനായി 10 ലക്ഷം രൂപാ ബഡ്ജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. യൂണിയൻ മന്ദിര നിർമ്മാണത്തിനായി ഒരു കോടി രൂപാ ബഡ്ജറ്റിൽ നീക്കിവെച്ചിട്ടുണ്ട്. ഭവന നിർമ്മാണ ധന സഹായത്തിനും തുക നീക്കി വെച്ചു. ഒന്നരക്കോടി രൂപാ വരവും അത്ര തന്നെ ചിലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് ഇത്തവണത്തേത്. ബഡ്ജറ്റവതരണ യോഗത്തിൽ യൂണിയൻ പ്രസിഡന്റ് സി.പി. ചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഡോ.ടി.ജി. ശിവദാസ്, പി.ജി. ഗോപാലകൃഷ്ണൻ നായർ, അഡ്വ. സതീഷ് കുമാർ, സി.പി. രവീന്ദ്രൻ നായർ, ജി. ശശിധരൻ നായർ, ബാബുരാജ്, ശ്രീധരൻ നായർ, കെ.ആർ. ബാബു, കെ.ബി. സതീഷ് കുമാർ, എം.കെ. രാജപ്പൻ നായർ, തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് രാമപുരം പി. എസ്. ഷാജികുമാർ സ്വാഗതവും, വി.കെ. രഘുനാഥൻ നായർ നന്ദിയും പറഞ്ഞു. സമ്മേളനത്തിൽ എൻ.എസ്.എസ് ഡയറക്ടർ ബോർഡംഗമായി തിരഞ്ഞെടുത്ത സി.പി. ചന്ദ്രൻ നായരെ പൊന്നാടയണിയിച്ച് ആദരിച്ചു.