കോട്ടയം : നിർദ്ധന രോഗികൾക്ക് ആശ്വാസമേകിയ കാരുണ്യ ചികിത്സാസഹായ പദ്ധതി നിർത്തലാക്കരുതെന്ന് കേരളാ കോൺഗ്രസ് (എം) ഉന്നതാധികാരസമിതി അംഗം തോമസ് ചാഴികാടൻ എം.പി ആവശ്യപ്പെട്ടു. പദ്ധതിക്ക് രൂപം നൽകിയത് കെ.എം മാണിയാണ്. കാരുണ്യ ബെനവലന്റ് ഫണ്ട് യു.ഡി.എഫ് ഭരണകാലത്തെ അതേ മാതൃകയിൽ തുടരാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. കാരുണ്യ പദ്ധതി നിർത്തലാക്കരുതെന്ന് ആവശ്യപ്പെട്ടു കേരളാ കോൺഗ്രസ് (എം) എം.എൽ.എമാരായ റോഷി അഗസ്റ്റിനും, ഡോ.എൻ.ജയരാജും സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളാ കോൺഗ്രസ് (എം) എം.എൽ.എ മാരുടെ സമരത്തിൽ പ്രതിഫലിപ്പിക്കപ്പെടുന്നത് കേരളത്തിന്റെ പൊതുവികാരമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി പറഞ്ഞു. കേരളത്തിന്റെ പൊതുജനാരോഗ്യമേഖല സ്വകാര്യ ഇൻഷ്വറൻസ് കമ്പനികൾക്ക് തീറെഴുതാൻ നീക്കം നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കെ.എം മാണി ഭരണകൂടത്തിന് നൽകിയ കാരുണ്യസ്പർശം പിണറായി സർക്കാർ ഉപേക്ഷിച്ചെന്ന് ഉപവാസ സമരത്തിന് അഭിവാദ്യം അർപ്പിച്ച് സംസാരിച്ച കേരളാ കോൺഗ്രസ് (ജെക്കബ്) ലീഡർ അനൂപ് ജേക്കബ് എം.എൽ .എ പറഞ്ഞു. കാരുണ്യ നിർത്തലാക്കരുതെന്ന് ആവശ്യപ്പെട്ട് റോഷി അഗസ്റ്റിനും, ഡോ.എൻ.ജയരാജും മുഖ്യമന്ത്രി പിണറായി വിജയന് നിവേദനവും നൽകി.ജോസഫ് എം.പുതുശ്ശേരി മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. കെ.ഐ ആന്റണി, ബേബി ഉഴുത്തുവാൽ, ജോബ് മൈക്കിൾ,മുഹമ്മദ് ഇക്ക്ബാൽ, സണ്ണി തെക്കേടം, വിജി എം.തോമസ് എന്നിവർ സംസാരിച്ചു.