വണ്ടിപ്പെരിയാർ:രണ്ടിടങ്ങളിൽ പുലിയിറങ്ങിയതായി നാട്ടുകാർ, പുലിയല്ലെന്ന നിഗമനത്തിൽ വനം വകുപ്പ്.. ജനവാസ മേഖലയായ കടശിക്കാട്,നെല്ലിമല എന്നിവിടങ്ങളിലാണ് പുലി ഇറങ്ങിയതായി അഭ്യൂഹം ഉയർന്നിരിക്കുന്നത്
. വളർത്തു പശുകിടാവിനെ പുലി പിടിച്ചതായി പ്രദേശവാസികൾ. പറയുന്നു.കടശ്ശിക്കാട് ആറ്റോരത്ത് കൊച്ചോലിയ്ക്കൽ പ്രിജിത്ത് കെ.ജോണിന്റെ പശു കിടാവിനെ പുലി പിടിച്ചതായാണ് ഉടമയും നാട്ടുകാരും പറയുന്നത്. തിങ്കളാഴ്ച പുലർച്ചെ വീടിനു സമീപത്തെ തേയില തോട്ടത്തിൽ നിന്ന പശു കിടാവിനെ പുലി പിടിച്ചതായി തൊഴിലാളികൾ വിവരം അറിയിക്കുകയായിരുന്നു. ഞായറഴ്ച രാത്രിയിൽ നെല്ലിമല ആറ്റോരം ഭാഗത്തുള്ള വീടിനു മുറ്റത്ത് പുലിയെത്തിയതായി ഒരു വീട്ടമ്മ പറയുന്നു. പശുക്കൾ കുട്ടിൽ കിടന്നു കരഞ്ഞപ്പോൾ പുറത്ത് ഇറങ്ങിയ വീട്ടമ്മ ബഹളം വച്ചതോടെ തൊട്ടടുത്ത ഏലക്കാട്ടിലേക്ക് പുലി ഓടി മറഞ്ഞുവത്രേ.നെല്ലിമലയിൽ പുലി ഇറങ്ങിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കുമളിയിൽ നിന്നും വനപാലകർ തിങ്കളാഴ്ച പുലർച്ച വരെ നിരിക്ഷണം നടത്തി. കാൽപാടുകൾ പരിശോധിച്ചതിൽ നഖത്തിന്റെ ഭാഗം കണ്ടത്തിയെങ്കിലും പുലിയല്ലയെന്ന പ്രഥമിക നിഗമനത്തിലാണ് വനം വകുപ്പ്.
നാട്ടുകാരുടെ ഭീതിയെ തുടർന്ന് അടുത്ത ദിവസം തന്നെ നീരീക്ഷണ കാമറ വനം വകുപ്പുസ്ഥാപിക്കുമെന്ന് റേഞ്ച് ഓഫിസർ അറിയിച്ചു.