കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിന്റെ പേരിൽ കോൺഗ്രസ് -കേരളകോൺഗ്രസ് തർക്കം രൂക്ഷമാകുമെന്ന് കരുതിയെങ്കിലും എല്ലാം കലങ്ങിത്തെളിഞ്ഞതിന്റെ ആശ്വാസത്തിലാണ് യു.ഡി.എഫ് നേതൃത്വം.
കേരള കോൺഗ്രസ് എമ്മിലെ പിളർപ്പിനെ തുടർന്ന് യഥാർത്ഥ കേരളകോൺഗ്രസ് വിഭാഗം ഏതെന്ന് തീരുമാനിക്കുംവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു തുടരാനായിരുന്നു കോൺഗ്രസിലെ സണ്ണി പാമ്പാടിയുടെ തീരുമാനം. പ്രസിഡന്റ് സ്ഥാനത്തേക്ക് സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ പേര് നിർദ്ദേശിച്ച് കേരളകോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ഡി.സി.സി പ്രസിഡന്റിന് കത്തു നൽകിയതോടെ സണ്ണി പാമ്പാടിയും ഡി.സി.സി പ്രസിഡന്റിന് രാജിക്കത്ത് കൈമാറി. ഇന്ന് നടക്കുന്ന ജില്ലാ പഞ്ചായത്ത് യോഗത്തിനു ശേഷം രാജിക്കത്ത് ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് കൈ മാറും.
ഒന്നര വർഷ കാലാവധി കിട്ടിയെങ്കിലും കേരളകോൺഗ്രസ് (എം) യു.ഡി.എഫ് വിട്ട് തിരിച്ചു വന്ന ശേഷമുള്ള ധാരണ പ്രകാരം ആറുമാസം മുമ്പേ കേരളകോൺഗ്രസിലെ സഖറിയാസ് കുതിരവേലിക്ക് പ്രസിഡന്റ് സ്ഥാനമൊഴിയേണ്ടി വന്നു. ആറ് മാസം കൂടി തുടരുമെന്ന് പരസ്യ പ്രഖ്യാപനം നടത്തിയ സഖറിയാസ് തനിക്ക് വീണ്ടും അവസരം നൽകണമെന്ന് കേരളകോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടെങ്കിലും ജോസ് കെ. മാണി സമ്മതിച്ചില്ല. ജോസഫ് വിഭാഗത്തിന്റെ ഏക ജില്ലാ പഞ്ചായത്തംഗമായ സെബാസ്റ്റ്യൻ കുളത്തുങ്കൽ ജോസഫിനെ ഉപേക്ഷിച്ച് ജോസ് പക്ഷത്തേക്ക് ചാഞ്ഞതോടെയാണ് അവസരം ലഭിച്ചത്. കേരളകോൺഗ്രസിലെ ആറ് അംഗങ്ങളും ജോസ് പക്ഷമായതോടെ കേരള കോൺഗ്രസിലെ പിളർപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നുറപ്പായി.
പാലാ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കേ കേരളകോൺഗ്രസിലെ പിളർപ്പും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പും തർക്ക പ്രശ്നമാക്കരുതെന്ന് കഴിഞ്ഞ യു.ഡി.എഫ് യോഗത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കർശന നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് കേരളകോൺഗ്രസ് തർക്കം അവസരമാക്കി തുടരാതെ സ്ഥാനമൊഴിയാൻ കോൺഗ്രസ് നോമിനിയായ സണ്ണി പാമ്പാടി തയ്യാറായത്.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കോൺഗ്രസ് -കേരളകോൺഗ്രസ് തർക്കപ്രശ്നമാകുമെന്ന് മറ്റു പത്രങ്ങൾ വാർത്ത നൽകിയപ്പോൾ സെബാസ്റ്റ്യൻ പ്രസിഡന്റാകുമെന്ന് ജൂൺ 27ന് കേരളകൗമുദി വാർത്ത നൽകിയിരുന്നു.