ചങ്ങനാശ്ശേരി: ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട യുവാവ് ജോലി വാഗ്ദാനം നൽകി പണം തട്ടിയെടുത്തതായി പരാതി. തൃക്കൊടിത്താനം വടക്കേടത്ത് കളത്തിൽ പൂജ ആനന്ദ് ആണ് തൃക്കൊടിത്താനം പൊലീസിൽ പരാതി നൽകിയത്. മൈക്കിൾ ലോനൻ എന്ന യുവാവിനെതിരെയാണ് പരാതി. കാനഡയിൽ നഴ്സ് ആയി ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടിയത്. ഇതിന്റെ പേരിൽ ലോജിസ്റ്റിക്സ് എന്ന സ്ഥാപനത്തിലൂടെ അപേക്ഷ ഫോം കൊറിയറിൽ അയച്ചു നൽകി. കൊറിയറിൽ മറ്റ് ഗിഫ്റ്റുകളും ഡോളറും സമ്മാനമായി വച്ചിട്ടുണ്ടെന്നും ഇയാൾ അറിയിച്ചു. 38,580 രൂപയാണ് ആദ്യം അക്കൗണ്ടിലേക്ക് അയച്ചത്. പിന്നീട് പല തവണയായി പല അക്കൗണ്ടുകളിലേയ്ക്ക് ആറ് ലക്ഷത്തിതൊണ്ണൂറായിരം രൂപ അയച്ചു. ഇതുകൂടാതെ, വീണ്ടും ഏഴ് ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്.