കോട്ടയം: തരിശുപാടത്തെ ഇലക്ട്രിക് പോസ്റ്റിൽ നിന്ന് കണ്ടുകിട്ടിയ ബംഗാളി പൊലീസിന് തലവേദനയായി. മാങ്ങാനത്തിന് സമീപം നടയിൽപ്പാലത്ത് 11 കെ.വി.ലൈൻ വലിച്ചിരിക്കുന്ന പഴയ ഇലക്ട്രിക് പോസ്റ്റിൽ നിന്നാണ് അറുപത് വയസിനടുത്ത് പ്രായമുള്ള അജ്ഞാതനെ കണ്ടുകിട്ടിയത്. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. അഗ്നിരക്ഷാസേനയുടെ സഹായത്തോടെ നിലത്തിറക്കിയ ആളെ പൊലീസ് വെസ്റ്റ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഹിന്ദിയിൽ പരസ്പര ബന്ധമില്ലാതെയാണ് സംസാരിക്കുന്നത്. ബംഗാളി ആണെന്നും പേര് ഷിബു എന്നാണെന്നും പറഞ്ഞു . കൈവശം തിരിച്ചറിയൽ രേഖകളൊന്നുമില്ല. ജോലിതേടി കോട്ടയത്ത് എത്തിയതാണെന്നും ഭക്ഷണം കഴിച്ചിട്ട് നാലുദിവസമായെന്നും പറഞ്ഞു. തുടർന്ന് പൊലീസുകാർ ഭക്ഷണം വാങ്ങിനൽകി. പോസ്റ്റിൽ കയറിയതെന്തിനാണെന്നും പറയുന്നില്ല. കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. വൈദ്യുതി പ്രവാഹം ഇല്ലാത്ത പോസ്റ്റിലാണ് ഇയാൾ വലിഞ്ഞു കയറിയതെന്നത് ആശ്വാസമായി.
കോട്ടയം ഫയർ സ്റ്റേഷൻ ഓഫീസർ കെ.വി. ശിവദാസ്, അസി. സ്റ്റേഷൻ ഓഫീസർ വി. ശാബു, ലീഡിംഗ് ഫയർമാൻ ഉദയഭാനു എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ നിലത്തിറക്കിയത്.