ചങ്ങനാശേരി : കറുകച്ചാൽ സ്റ്റാൻഡിൽ പുറമേ നിന്നുള്ള വാഹനങ്ങളുടെ പാർക്കിംഗ് നിരോധിച്ചിട്ടുണ്ടെങ്കിലും ഇതെല്ലാം കാറ്റിൽപ്പറത്തി വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് തുടരുന്നു. ബസ് സ്റ്റാൻഡിന് പുറത്ത് വാഴൂർ റോഡിലും പാർക്കിംഗ് വ്യാപകമാണ്. അനധികൃത പാർക്കിംഗ് വ്യാപകമായതോടെ ബസുകൾക്ക് സ്റ്റാൻഡിൽ പാർക്ക് ചെയ്യാനാകാത്ത സാഹചര്യമാണുള്ളത്. പത്തിലധികം ബസുകൾ ഒരേസമയം പാർക്കുചെയ്യാൻ സൗകര്യമുള്ള സ്റ്റാൻഡിൽ കഷ്ടിച്ച് അഞ്ചോ ആറോ ബസുകൾക്കു മാത്രമാണ് നിലവിൽ പാർക്കുചെയ്യാൻ കഴിയുന്നത്. മൂന്നു ബസുകൾ പാർക്കു ചെയ്യുവാനുള്ള സ്ഥലമാണ് ഇതരവാഹനങ്ങൾ പാർക്കുചെയ്യുന്നതിലൂടെ നഷ്ടമാകുന്നതെന്ന് ഡ്രൈവർമാർ പറയുന്നു. സ്റ്റാൻഡിലെ സ്ഥലപരിമിതി മൂലം കെ.എസ്.ആർ.ടി.സിയടക്കമുള്ള ദീർഘദൂര ബസുകൾ പലപ്പോഴും സ്റ്റാൻഡിൽ പ്രവേശിക്കാതെ റോഡിൽ യാത്രക്കാരെ ഇറക്കി പോകുകയാണ് പതിവ്. വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെ രാവിലെ സുരക്ഷിതമായി വാഹനങ്ങൾ പാർക്കുചെയ്യുന്നത് സ്റ്റാൻഡിലാണ്. അനധികൃത പാർക്കിങ്ങിനെതിരേ നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്ന ആവശ്യം ശക്തമാണ്.
നിരോധനം ഏർപ്പെടുത്തിയതിന്റെ കാരണം
സ്വകാര്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും സ്റ്റാൻഡിൽ കയറിയിറങ്ങുന്നത് ബസുകൾ തിരിക്കുന്നതിനും പാർക്ക് ചെയ്യുന്നതിനും ബുദ്ധിമുട്ടായതിനാലാണ് നിരോധനം ഏർപ്പെടുത്തിയത്
ബസുകളുടെ വഴി മുടക്കുന്നു
അനധികൃത പാർക്കിംഗ് സ്റ്റാൻഡിൽ നിന്ന് ഇറങ്ങി വരുന്ന ബസുകളുടെ വഴി മുടക്കാറുമുണ്ട്. അനധികൃത പാർക്കിംഗ് വ്യാപകമായപ്പോൾ ഇത് നിരോധിച്ചതായി പഞ്ചായത്ത് അധികൃതർ അറിയിച്ചിരുന്നു. സ്റ്റാൻഡിനുള്ളിൽ അന്യവാഹനങ്ങൾ കയറ്റിയാൽ നിയമ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനു ശേഷവും അനധികൃത പാർക്കിംഗിന് ഒരു മാറ്റവും ഉണ്ടായിട്ടില്ല.
നിരോധനം ബോർഡിൽ ഒതുങ്ങി
ബസുകൾ പാർക്ക് ചെയ്യാൻ ബുദ്ധിമുട്ടുന്നു
വാഴൂർ റോഡിലും പാർക്കിംഗ് വ്യാപകം