പത്തനംതിട്ട: കെ.എസ്.ആർ. ടി.സി എംപാനൽ ഡ്രൈവർമാരെ പിരിച്ചു വിട്ടതിനെ തുടർന്ന് ജില്ലയിൽ യാത്രാക്ളേശം രൂക്ഷമായി. ഇന്നലെ 56 ഷെഡ്യൂളുകൾ റദ്ദാക്കി. ആറ് ഡിപ്പോകളിലെയും ദീർഘദൂര സർവീസുകൾ ഉൾപ്പടെയാണ് റദ്ദാക്കിയത്. പുതിയ ഡ്രൈവർമാരെ നിയമിക്കുന്നതു വരെ പ്രതിസന്ധി നിലനിൽക്കും. പത്തനംതിട്ട ഡിപ്പോയി ഇന്നലെ 20 ഷെഡ്യൂളുകളാണ് നിറുത്തിവച്ചത്. ഇന്നലെ മാത്രം 1.5ലക്ഷം രൂപയുടെ നഷ്ടം പത്തനംതിട്ട ഡിപ്പോയ്ക്കുണ്ടായി. പ്രതിദിനം 7.75ലക്ഷം രൂപയുടെ വരുമാനമാണ് ഡിപ്പോയ്ക്കുളളത്.

തിരുവല്ല ഡിപ്പോയിൽ 16, കോന്നി, അടൂർ എന്നിവിടങ്ങളിൽ ആറ് വീതം, മല്ലപ്പള്ളിയിൽ അഞ്ച് പന്തളത്ത് മൂന്ന് ഷെഡ്യൂളുകളാണ് മുടങ്ങിയത്. പത്തനംതിട്ടയിൽ നിന്ന് തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കുമുള്ള രണ്ട് ദീർഘദൂര സർവ്വീസുകൾ റദ്ദാക്കി. ഡിപ്പോയ്ക്ക് കൂടുതൽ വരുമാനം നേടിക്കൊടുത്തിരുന്ന പത്തനംതിട്ട - കൊല്ലം ഷെഡ്യൂളിൽ ചിലതും റദ്ദ് ചെയ്യേണ്ടിവന്നു. കോട്ടയം, ഹരിപ്പാട്, ആറന്മുള ചെങ്ങന്നൂർ, എന്നീ ഭാഗത്തേക്കുള്ള എല്ലാ ഷെഡ്യൂളുകളും കെ.എസ്.ആർ.ടി.സി നിറുത്തി. കൂടാതെ അടുത്തയിടെ ആരംഭിച്ച അടൂർ - ആങ്ങമുഴി ചെയിൻ സർവ്വീസും റദ്ദ് ചെയ്യേണ്ടി വന്നു.

തിരുവല്ലയിൽ തിങ്കളാഴ്ച 16 ഷെഡ്യൂളുകളിൽ ചിലത് മുടങ്ങി.

ആലപ്പുഴ എ.സി റോഡുവഴിയുമുളള ഷെഡ്യൂളുകളാണ് റദ്ദാക്കിയത്. മറ്റ് ഡിപ്പോകളിൽ നിന്നുളള ബസ്സുകൾ ഓടുന്ന പ്രധാന റൂട്ടുകളായതിനാൽ യാത്രക്കാരെ കാര്യമായി ബാധിച്ചില്ല. തൈമറവുകര, മേപ്രാൽ, കല്ലുങ്കൽ തുടങ്ങിയ ഗ്രാമീണ മേഖലകളലേക്കുളള സർവീസുകൾ മാസങ്ങളായി നിർത്തിവച്ചിരിക്കുകയാണ്. അടൂർ ഡിപ്പോയിൽ നിന്ന് ചീക്കനാൽ കൊല്ലം, മാഞ്ഞാലി കടമ്പനാട്, തേപ്പുകൽ, തിരുവല്ല എന്നിവിടങ്ങളിലേക്കുള്ള ഷെഡ്യൂളുകൾ റദ്ദാക്കി.

പന്തളം ഓപ്പറേറ്റിംഗ് സെന്ററിൽ കോഴഞ്ചേരി, എരുമേലി ഷെഡ്യൂളുകളാണ് മുടങ്ങിയത്.

കോന്നി ഡിപ്പോയിൽ ആറ് ഷെഡ്യൂളുകളാണ് മുടങ്ങിയത്. റദ്ദ് ചെയ്തതെല്ലാം ഗ്രാമീണ മേഖലയിലേക്കുള്ള ഓർഡിനറി സർവ്വീസുകളാണ്. മല്ലപ്പള്ളി ഡിപ്പോയിൽ അഞ്ച് സർവ്വീസുകൾ മുടങ്ങി. കോട്ടയം കോഴഞ്ചേരി രണ്ട് ചെയിൻ സർവ്വീസും ഗ്രാമീണ മേഖലയിലേക്കുള്ള മൂന്ന് ഓർഡിനറികളും റദ്ദ് ചെയ്തു. റാന്നി ഡിപ്പോയിൽ ഷെഡ്യൂളുകൾക്ക് മുടക്കം ഉണ്ടായില്ല.