കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിന് മുമ്പ് എൻ.സി.പി ജില്ലാ കമ്മിറ്റിയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ഇടതുമുന്നണി ആവശ്യപ്പെട്ടു. മാണി സി. കാപ്പൻ പാലായിലെ സ്ഥാനാർത്ഥിത്വം സ്വയം പ്രഖ്യാപിച്ചതിൽ അസംതൃപ്തി പ്രകടിപ്പിച്ച ഇടതുമുന്നണി എൻ.സി.പി യിലെ തർക്കങ്ങളുമായി ഉപതിരഞ്ഞെടുപ്പിനെ നേരിടാനാവില്ലെന്ന മുന്നറിയിപ്പാണ് നൽകിയത്.

കാണക്കാരി അരവിന്ദാക്ഷനെ എൻ.സി.പി ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്തിട്ടും ഉഴവൂർ വിജയൻ വിഭാഗം ഇതംഗീകരിക്കാതെ ഇടഞ്ഞു നിൽക്കുകയാണ് .രണ്ട് ഗ്രൂപ്പായി തന്നെയാണ് എൻ.സി.പി നേതാക്കളുടെ പ്രവർത്തനം . ഇതേ സ്ഥിതി തുടർന്നാൽ പാലായിൽ വേറേ ആണുങ്ങൾ മത്സരിക്കുമെന്നു വരെ ഇടതു മുന്നണി ജില്ലാ കമ്മിറ്റിയിൽ ചില നേതാക്കൾ അഭിപ്രായപ്പെട്ടിരുന്നു .

മാണി സി. കാപ്പൻ സ്ഥാനാർത്ഥിത്വം ഉറപ്പിക്കുന്നതിന്റെ ഭാഗമായി അഖിലേന്ത്യാ പ്രസിഡന്റ് ശരത്പവാറിനെ കാണാൻ ഡൽഹിക്കു പോയിരുന്നു. ഔദ്യോഗിക വിഭാഗത്തിൽ തന്നെ മാണി സി. കാപ്പനു പകരം മറ്റൊരാളെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കം നടക്കുന്നത് മനസിലാക്കിയായിരുന്നു ഇത് .

കേരള കോൺഗ്രസ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടന് പാലാ നിയമസഭാ മണ്ഡലത്തിൽ 34000 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ പാലാ സീറ്റ് പിടിച്ചെടുക്കാനുള്ള താത്പര്യം സി.പി.എം ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്. എന്നാൽ ജനസ്വാധീനമുള്ള നേതാവ് വേണമെന്നാണ് സി.പി.എമ്മിന്റെ അഭിപ്രായം. ലോക് സഭ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ജോസ് കെ. മാണി, പി.ജെ.ജോസഫ് വിഭാഗങ്ങൾ ഒന്നിച്ചായിരുന്നു. ഇപ്പോൾ ഇരുവിഭാഗവും ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ പാലാ സീറ്റ് പിടിച്ചെടുക്കാൻ കഴിയുമെന്നാണ് ഇടതു മുന്നണി വിലയിരുത്തൽ. എൻ.സി.പിക്കു സീറ്റ് നൽകിയാലും ജനപിന്തുണ ഉള്ള പൊതുസ്വതന്ത്രനെ സ്ഥാനാർത്ഥിയാക്കിയാലേ ഇതു സാധിക്കൂ. എൻ.സി.പി ഒന്നിച്ചു നിൽക്കണമെന്ന് നിർദ്ദേശിച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണ് .

കെ.എം.മാണിയുടെ മരണ ശേഷം നടക്കുന്ന പാലാ ഉപതിരഞ്ഞെടുപ്പിൽ സീറ്റ് നിലനിറുത്തേണ്ടത് കേരളകോൺഗ്രസിനൊപ്പം യു.ഡി.എഫിന്റേയും പ്രസ്റ്റീജാണ്. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ യു.ഡി.എഫ് യോഗം ചേർന്നതും വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നത് അടക്കം നടപടികൾ ആരംഭിച്ചതും ഇതിന്റെ ഭാഗമായാണ്. 5ന് പാലായിൽ പ്രാദേശിക നേതാക്കളെ കൂടി പങ്കെടുപ്പിച്ച് വിപുലമായ യോഗം വിളിക്കാൻ യു.ഡി.എഫ് തീരുമാനിച്ചിരിക്കയാണ്. എന്നാൽ ഇടതു മുന്നണിക്ക് പ്രാരംഭ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടങ്ങാൻ കഴിഞ്ഞിട്ടില്ല. എൻ.സി.പിയിലെ പ്രശ്നങ്ങളാണ് ഇതിന് പ്രധാന കാരണം.