missing-couples

കോട്ടയം: ഹർത്താൽ ദിനത്തിൽ രാത്രിയിൽ ഭക്ഷണം വാങ്ങാനായി വീടിനടുത്തുള്ള തട്ടുകടയിലേക്ക് കാറിൽ പോയ കോട്ടയം താഴത്തങ്ങാടി അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42)​,​ ഭാര്യ ഹബീബ (37)​ എന്നിവർ എവിടെ? ഇവരെ കാണാതായി രണ്ടുവർഷം കഴിഞ്ഞിട്ടും ഇതുവരെ ഒരു സൂചനയുമില്ല. വഴിക്കണ്ണുമായി കാത്തിരിക്കുകയാണ് വീട്ടുകാരും ബന്ധുക്കളും. ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും നാടുമുഴുവൻ അരിച്ചുപെറുക്കി. പക്ഷേ, അവരെക്കുറിച്ച് ഒരു സൂചനയുമില്ല. അതേക്കുറിച്ച് ചോദിച്ചാൽ കൈമലർത്തുകയാണ് അന്വേഷണ സംഘം. പുതുപുത്തൻ കാർ ഉൾപ്പെടെ ഇവർ എങ്ങനെ അപ്രത്യക്ഷമായി എന്നത് ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുകയാണ്.

ഇവർക്ക് ശത്രുക്കൾ ആരുമില്ലെന്നാണ് വീട്ടുകാരും നാട്ടുകാരും ഒരുപോലെ പറയുന്നത്. എങ്കിലും ആരെങ്കിലും ഇവരെ അപായപ്പെടുത്താനുള്ള സാദ്ധ്യത തള്ളിക്കളയാൻ ആവില്ലെന്ന് അന്വേഷണസംഘം പറയുന്നു. എന്നാൽ അതിലേയ്ക്ക് നയിക്കുന്ന ഒരു സൂചനയും പൊലീസിന് ലഭിച്ചിട്ടുമില്ല. ദമ്പതികൾ അപകടത്തിൽപ്പെട്ടതാവാം എന്ന നിഗമനത്തിൽ ലോക്കൽ പൊലീസ് പുഴയിലടക്കം തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

2017ഏപ്രിൽ 6ന് രാത്രി ഏഴു മണിയോടെയാണ് ഹാഷിമിനെയും ഭാര്യ ഹബീബയെയും കാണാതായത്. തട്ടുകടയിലേക്കെന്ന് പറഞ്ഞാണ് അവർ കാറുമായി പുറത്തേയ്ക്ക് പോയത്. എന്നാൽ, പഴ്സ്,​ എ.ടി.എം കാർ‌ഡ്,​ ഡ്രൈവിംഗ് ലൈസൻസ്,​ മൊബൈൽ ഫോൺ എന്നിവയൊന്നും അവർ എടുത്തിരുന്നില്ല. രാത്രി വൈകിയും ഇവരെ കണാതായതോടെ ഹാഷിമിന്റെ ബാപ്പ അന്വേഷിച്ചിറങ്ങി. സുഹൃത്തുക്കളുടെ വീട്ടിലും ബന്ധുവീടുകളിലും അന്വേഷിച്ചെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. പിറ്റേന്ന് അതിരാവിലെതന്നെ കോട്ടയം വെസ്റ്റ് സ്റ്റേഷനിലെത്തി പരാതി നൽകി.

ഡ്രൈവിംഗിൽ അധികം പരിചയമില്ലാത്ത ഹാഷിം കാറുമായി താഴത്തങ്ങാടി ആറ്റിൽ വീണതാവാമെന്നായിരുന്നു പൊലീസിന്റെ ആദ്യ സംശയം. തുടർന്ന് ഫയർഫോഴ്സ് പുഴയിൽ തെരച്ചിൽ നടത്തിയെങ്കിലും ഒരു സൂചനയും ലഭിച്ചില്ല. അതിനിടെ ഹാഷിമിന്റെ ഫോർ രജിസ്ട്രേഷൻ ഗ്രേ കളർ വാഗൺ ആർ‌ കാർ ഇല്ലിക്കൽ പാലം കടന്ന് വലത്തോട്ട് പോയതായി സി.സി ടി.വി ദൃശ്യത്തിൽ കണ്ടെത്തി. ആറ്റിൽ പതിച്ചതാവാം എന്ന നിഗമനത്തിൽ വീണ്ടും തെരച്ചിൽ നടന്നു. ഒരു തുമ്പും കിട്ടാതായതോടെ നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് സമര രംഗത്തെത്തി. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാണാതായതിന്റെ തലേദിവസം ഹാഷിം പീരുമേട്ടിലെത്തിയിരുന്നതായി വിവരം ലഭിച്ചു. സി.സി ടി.വി ദൃശ്യങ്ങൾ അത് സ്ഥിരീകരിക്കുകയും ചെയ്തു. അറുപറയിൽ പലചരക്കുകട നടത്തുകയായിരുന്നു ഹാഷിം. വീട്ടിൽ നിന്ന് അധികം ഒരിടത്തേക്കും പോകാത്ത ഹാഷിം എന്തിന് പീരുമേട്ടിൽ പോയി എന്നായി പിന്നെയുള്ള അന്വേഷണം. അന്ന് പുറത്തുപോയ ഹാഷിമിനോട് എന്താ താമസിച്ചതെന്ന് വീട്ടുകാർ ചോദിച്ചപ്പോൾ ഞാൻ ടൗണിൽ (കോട്ടയം)​ ഉണ്ടായിരുന്നുവെന്ന് ഒറ്റ വാക്കിൽ മറുപടി ഒതുക്കുകയായിരുന്നു. പീരുമേട് കേന്ദ്രമാക്കി അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ഹാഷിമും ഭാര്യയും പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്ന വിവരം ഇതിനിടെ ക്രൈംബ്രാഞ്ചിന് ലഭിച്ചു. ഹബീബ വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്നതായും കണ്ടെത്തി. കൊക്കയിലേക്കോ പുഴയിലേക്കോ വാഹനം ഓടിച്ചിറക്കി ആത്മഹത്യ ചെയ്തതാകാമെന്ന് ക്രൈംബ്രാഞ്ചിന് സംശയം ബലപ്പെട്ടു. ഇതേതുടർന്നാണ് മുറിഞ്ഞപുഴ,​ കൊടികുത്തി,​ പുല്ലുമേട്,​ ഏദൻമൗണ്ട്,​ പാഞ്ചാലിമേട്,​ ബോയ്സ് എസ്റ്റേറ്റ്,​ പത്തുമല എസ്റ്റേറ്റ് എന്നിവിടങ്ങിളിൽ തെരച്ചിൽ നടത്തിയത്. കൊക്കകളും തടാകങ്ങളും കേന്ദ്രമാക്കിയായിരുന്നു പ്രധാനമായും അന്വേഷണം. കോട്ടയം,​ ഇടുക്കി,​ ആലപ്പുഴ ജില്ലകളിലും സംസ്ഥാനത്തിന് പുറത്തും അന്വേഷണം നടത്തിയിട്ടും ഒരു സൂചനയും ലഭിച്ചില്ല.

പുഴയുടെ അടിത്തട്ടുവരെ കാണാൻ സാധിക്കുന്ന യന്ത്രങ്ങളുമായി കൊച്ചിയിലെ സ്വകാര്യ ഡിറ്റക്ടീവ് സംഘം പരിശോധന നടത്തിയിരുന്നു. തിരുവനന്തപുരം സിഡാക്ക് സംഘവും സ്കാനറുമായി എത്തിയിരുന്നു. താഴത്തങ്ങാടി ആറ്റിൽ മാത്രമല്ല, തണ്ണീർമുക്കം,​ മീനച്ചിലാർ,​പള്ളുരുത്തി,​ നാട്ടകം കൊടൂരാർ എന്നിവിടങ്ങിലും പരിശോധന നടത്തിയെങ്കിലും കാർ കണ്ടെത്താനോ ദമ്പതികളെക്കുറിച്ച് എന്തെങ്കിലും സൂചനയോ ലഭിച്ചില്ല.

ഇതിനിടയിൽ ഹാഷിമിനേയും ഭാര്യ ഹബീബയേയും അജ്മീർ ദർഗയിൽ കണ്ടെന്ന് കോട്ടയം സ്വദേശിയായ ഒരാൾ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. ക്രൈംബ്രാഞ്ച് സംഘം അവിടെ ഒരാഴ്ചയോളം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഇതിനിടെ കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പിതാവ് അബ്ദുൾ ഖാദർ ഹൈക്കോടതിയെ സമീപിച്ചു. ലോക്കൽ പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് അറിയിച്ച് ഹാഷിമിന്റെ സഹോദരീ ഭർത്താവും പരാതി നൽകിയിട്ടുണ്ട്.

''

സംഭവത്തിൽ അന്വേഷണം തുടരുകയാണ്. പല സ്ഥലങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും

കാര്യമായ സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഇപ്പോഴും പല സ്ഥലങ്ങളിൽ നിന്നും ആളുകൾ വിളിക്കാറുണ്ട്. അവിടെയെല്ലാം പോയി തെരച്ചിൽ നടത്തുന്നുണ്ട്. ശുഭാപ്തി വിശ്വാസത്തോടെ അന്വേഷണം മുന്നേറുകയാണ്.

സേവ്യർ സെബാസ്റ്റ്യൻ, ഡിവൈ.എസ്.പി, ക്രൈംബ്രാഞ്ച്,​ കോട്ടയം