കോട്ടയം: ഈരയിൽക്കടവ് ബൈപ്പാസിൽ അലക്ഷ്യമായി നിക്ഷേപിച്ചിരിക്കുന്ന മാലിന്യങ്ങൾ കണ്ടാൽ മനോഹരമായ ഈ ഭൂപ്രദേശത്തെ ഉദ്ഘാടനത്തിന് മുമ്പേ നശിപ്പിക്കണമെന്ന് ചിലർക്ക് വാശിയുള്ളതായി തോന്നും!. റോഡിന്റെ ഇരുവശത്തും സ്ഥാപിച്ച കയർഭൂവസ്ത്രം ഇളക്കിമാറ്റി മാലിന്യംനിറച്ച നൂറുകണക്കിന് പ്ലാസ്റ്റിക് കവറുകൾ നിരന്നുകിടക്കുന്നത് ഇവിടെ വന്നാൽ കാണാം. നാലുവരിപ്പാതയുടെ അടിസ്ഥാന സൗകര്യങ്ങളുണ്ടെങ്കിലും മദ്ധ്യഭാഗം ഉയർത്തി രണ്ടുവരി വാഹന ഗതാഗതത്തിനുതകുന്ന വിധമാണ് റോഡ് പൂർത്തിയാക്കിയിരിക്കുന്നത്. വളവും തിരിവുമില്ലാതെ പാടത്തിന് നടുവിലൂട നീണ്ടുനിവർന്നുകിടക്കുന്ന പാതയിലൂടെ ഒരു സായാഹ്നസവാരി നടത്താൻ ആരും കൊതിച്ചുപോകും. ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടുന്ന കോട്ടയത്തിന് ആസൂത്രണ മികവുകൊണ്ട് കൈവന്ന സൗഭാഗ്യവുമാണ് ഈ ബൈപ്പാസ്. എന്നാൽ ആളൊഴിഞ്ഞ പ്രദേശത്ത് എന്തും ആകാമെന്ന് ചിന്തിക്കുന്ന അജ്ഞാതകരങ്ങൾ ഈ മനോഹരപ്രദേശത്തെ വികൃതമാക്കുകയാണ്.

 ഈരയിൽക്കടവ് ബൈപ്പാസ്

വിശാലമായി പരന്നുകിടക്കുന്ന നെൽപ്പാടങ്ങൾക്ക് നടുവിലൂടെ അതിമനോഹരമായ രണ്ടുവരിപ്പാത. യാത്രക്ക് മാത്രമല്ല, സായാഹ്നങ്ങളിൽ നഗരത്തിലെ തിരക്കിൽനിന്നൊഴിഞ്ഞുമാറി കുറച്ചുനേരം സ്വസ്ഥമായി കാറ്റുകൊള്ലാനും കുശലംപറഞ്ഞിരിക്കാനുമൊക്കെ അനുയോജ്യമായ പരിസ്ഥിതി. അതാണ് കെ.കെ. റോഡിനെ എം.സി. റോഡുമായി ബന്ധിപ്പിക്കുന്ന ഈരയിൽക്കടവ് ബൈപ്പാസിന്റെ ആമുഖവിശേഷണം.

 കയർഭൂവസ്ത്രം ഇളക്കിക്കളയുന്നു

ഈരയിൽക്കടവ് പാലം മുതൽ മണിപ്പുഴ കലുങ്ക് വരെയുള്ള ഭാഗത്ത് റോഡിന്റെ ഇരുവശത്തും ഉയർത്തിയ മൺതിട്ട ഇടിഞ്ഞുപോകാതെ സംരക്ഷിക്കാൻ സ്ഥാപിച്ച പരിസ്ഥിത സൗഹൃദ മാർഗമാണ് കയർഭൂവസ്ത്രം. ആലപ്പുഴയിൽ നിന്ന് കൊണ്ടുവന്ന കയർവലയാണ് ഇതിനുവേണ്ടി ഉപയോഗിച്ചത്. രണ്ടുമാസം മുമ്പ് സ്ഥാപിച്ച കയർഭൂവസ്ത്രം പലയിടത്തും അടർന്നുമാറി കട്ടപിടിച്ച് കിടക്കുകയാണ്. കന്നുകാലികളെ കയറ്റി ഇറക്കിയും ചാക്കിൽനിറച്ച മാലിന്യക്കെട്ടുകൾ വാഹനങ്ങളിലിരുന്ന് വലിച്ചെറിഞ്ഞുമൊക്കെയാണ് കയർഭൂവസ്ത്രം ഇളക്കിക്കളഞ്ഞത്. പകലും രാത്രിയിലും വാഹനങ്ങളിലെത്തി മാലിന്യം വലിച്ചെറിയാനുള്ള സ്വസ്ഥാനമായി ഈരയിൽക്കടവ് ബൈപ്പാസിനെ പരിമതപ്പെടുത്തിയവർ സാക്ഷരകേരളത്തിന്റെ ഈറ്റില്ലമായ അക്ഷരനഗരിയിലുമുണ്ട് എന്നതിന്റെ തെളിവാണ് ഇവിടത്തെ കാഴ്ചകൾ.

 ഇത് നഗരത്തിന്റെ സൗഭാഗ്യം

ഗതാഗതക്കുരുക്കിൽപ്പെടാതെ കെ.കെ. റോഡിൽ നിന്ന് അഞ്ചുമിനിട്ടുകൊണ്ട് എം.സി. റോഡിൽ മണിപ്പുഴയിലെത്താവുന്ന അതിവേഗ ഇടനാഴിയാണിത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ യുടെ ദീർഘവീക്ഷണത്തോടെയുള്ള ആസൂത്രണത്തിന്റെ ഫലമാണ് അക്ഷരനഗരിയ്ക്ക് കൈവന്ന ഈ സൗഭാഗ്യം.

 മിനുക്കുപണികൾ അന്തിമഘട്ടത്തിൽ

ഈരയിൽക്കടവ് പാലത്തിലേക്കുള്ള അപ്രോച്ച് റോഡ് ഉയർത്തിയും പുതുതായി ടാറിംഗ് നടത്തിയും നവീകരിച്ച ബൈപ്പാസിലെ അറ്റകുറ്റപ്പണികൾ അവസാന ഘട്ടത്തിലാണ്. റോഡിന്റെ ഇരുവശത്തും റിഫ്ലക്ടറുകൾ സ്ഥാപിക്കുന്ന ജോലിയും അതിവേഗം പുരോഗമിക്കുകയാണ്.