ചങ്ങനാശേരി : നഗരത്തിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും യാത്രക്കാർക്ക് സുഗമസഞ്ചാരം ഉറപ്പാക്കാനും ലക്ഷ്യമിട്ട് നിർമിച്ചതാണ് ബൈപാസ് റോഡ്. എന്നാൽ ഇതുവഴിയുള്ള യാത്രയും നരകതുല്യമാകുന്നു. എം.സി റോഡിൽ പാലാത്രയിൽ നിന്ന് ആരംഭിച്ച് ളായിക്കാട് പാലം വരെ നീളുന്ന റോഡ് ഏറെ പ്രതീക്ഷയോടെയാണ് യാത്രക്കാർക്ക് തുറന്നുകൊടുത്തത്. നഗരത്തിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകുന്നവർക്കും റെയിൽവേ സ്റ്റേഷനിൽ എത്തുന്നവർക്കും വാഴൂർ റോഡിൽ നിന്ന് വരുന്നവർക്കും പ്രയോജനപ്രദമായ ഈ റോഡിനെ ഇരുകൈയ്യും നീട്ടിയാണ് യാത്രക്കാർ സ്വീകരിച്ചത്. ഇതോടെ നഗരത്തിലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയുകയും ചെയ്തു. ബസ് ഒഴികെയുള്ള ഭൂരിഭാഗം വാഹനങ്ങളും ഇതുവഴി യാത്രതുടങ്ങിയതോടെ ബൈപ്പാസ് എന്ന ആശയം വൻ വിജയമായി മാറി.
എന്നാൽ, പാലാത്ര ഭാഗത്ത് പാതയോരങ്ങളിൽ വച്ചു പിടിപ്പിച്ച ചെടികൾ നാശത്തിന്റെ വക്കിലാണ്. മാലിന്യം വലിച്ചെറിയാൻ ഇടം നോക്കി നടക്കുന്നവർ ഇവിടം കൈയ്യടക്കിയ മട്ടാണ്. ളായിക്കാട് ഭാഗത്തെ റോഡിനിരുവശവും മാലിന്യം കവറുകളിൽ കെട്ടി വലിച്ചെറിഞ്ഞ നിലയിലാണ്. ബൈപ്പാസ് റോഡിലെ പലഭാഗങ്ങളിലും വെളിച്ചമില്ല. രാത്രിയായാൽ പ്രദേശം ഇരുട്ടിന്റെ പിടിയിലാകും. വീടുകളുടെയും വാഹനങ്ങളുടെയും വെളിച്ചം മാത്രമാണ് ഏക ആശ്രയം.
ബൈപ്പാസ് റോഡിൽ സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് ലൈറ്റുകളിൽ പലതും മിഴിപൂട്ടി. ഇരുട്ടു വീണാൽ പിന്നെ ഇതുവഴിയുള്ള യാത്ര ദുഷ്‌കരമായത് ഇതോടെയാണ്. നഗരത്തിലെ പല ഇടറോഡുകളും പ്രധാന റോഡുകളുമെല്ലാം ഇപ്പോഴും ഇരുട്ടിലാണ്. എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കാൻ നഗരസഭ കൗൺസിസിൽ അനുമതിനൽകിയെങ്കിലും ഫലം ഉണ്ടായില്ല.
അടുത്തടുത്തായി നിരവധി ഹന്പുകൾ സ്ഥാപിച്ചിരിക്കുന്നതിനാൽ രാത്രിയിൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. റെയിൽവേ ഓവർ ബ്രിഡ്ജ് റോഡിലെ കോൺക്രീറ്റ് അടർന്നു മാറി വലിയ വിള്ളൽ രൂപപ്പെട്ടത് യാത്രക്കാരുടെ നടുവൊടിക്കുന്നു.