കറുകച്ചാൽ: രാത്രിയിലെ കനത്തമഴയും വൈദ്യുതിമുടക്കവും 'മുതൽമുട'ക്കാക്കിയ ഒരു കൂട്ടർ ഇവിടെയുണ്ട്; കള്ളന്മാർ. വൈദ്യുതിമുടക്കം ഇവർക്ക് ഒരു അനുഗ്രഹമാണ്. മഴയും കാറ്റും ഒരു മറയും. കറുകച്ചാലിലും പരിസരത്തും മോഷണം ഇപ്പോൾ തുടർക്കഥയാണ്. ഏതാനും ദിവസങ്ങൾക്കുമുമ്പ് കൂത്രപ്പള്ളിയിൽ രണ്ടു വീടുകുത്തിത്തുറന്ന് മോഷണവും രണ്ടുവീട്ടിൽ മോഷണ ശ്രമവും നടന്നിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞദിവസം നെടുംകുന്നത്ത് രണ്ടു കടകൾ കുത്തിത്തുറന്ന് പണവും സാധനങ്ങളും കവർന്നു. നെടുംകുന്നം കവലയിൽ നെൽസൺ തോമസിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന മരിയ കമ്യൂണിക്കേഷൻ എന്ന മൊബൈൽ കടയിലും തൊട്ടടുത്തുള്ള പഴയ പുരയ്ക്കൽ മുഹമ്മദ് നജീബിന്റെ ലേഡി സ്റ്റോറിലുമാണ് മോഷണം നടന്നത്. കടയുടെ പിൻ വാതിൽ കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. മരിയ കമ്യൂണിക്കേഷനിൽനിന്ന് നാല് മൊബൈൽ ഫോണുകൾ അഞ്ച് മെമ്മറികാർഡുകൾ രണ്ട് പെൻഡ്രൈവുകളും ഉൾപ്പടെ 20,000 രൂപയുടെ സാധനങ്ങളാണ് മോഷ്ടാക്കൾ കൊണ്ടുപോയത്. ലേഡി സ്റ്റോറിൽ നിന്ന് സ്റ്റേഷനറി സാധനങ്ങൾ ഉൾപ്പടെ കവർന്നു. 15,000 രൂപയുടെ നഷ്ടമാണ് കട ഉടമയ്ക്ക് ഉണ്ടായത്. മോഷണം വ്യാപകമായ സാഹചര്യത്തിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നതാണ് നാട്ടുകാരുടെയും ആവശ്യം.