chee

പാലാ: പകർന്നു കിട്ടിയ സ്‌നേഹ സന്ദേശങ്ങൾ ബാലഗോകുലം കൂട്ടുകാർ നോട്ടുബുക്കിൽ കുറിച്ചു; 'വിത്ത് പേന ' കൊണ്ട്. ഇനി മഷി വറ്റിയാലോ, പേനയുടെ അകക്കാമ്പിൽ പൊട്ടു പോലുറങ്ങുന്ന വിത്തിന്റെ മുളപൊട്ടും!

വിത്ത് നിറച്ച കടലാസുപേനകൾ കുട്ടികൾക്കു നൽകിയത് ബാലഗോകുലം പൊൻകുന്നം ജില്ലാ ക്യാമ്പിലാണ്. 'പ്ലാസ്റ്റിക്ക് കഴിയുന്നതും ഒഴിവാക്കുക എന്ന ആശയം മുൻനിർത്തിയാണ് , കുമരകത്തു നിന്ന് കടലാസുകൊണ്ടു നിർമ്മിച്ച പേനകളെത്തിച്ചത്. ഇതിൽ ഓരോ പേനയുടെയും ചുവട്ടിൽ ചീരവിത്തുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.' ബാലഗോകുലം പൊൻകുന്നം മേഖലാ ഉപാദ്ധ്യക്ഷൻ ബിജു കൊല്ലപ്പിള്ളി പറഞ്ഞു.
എഴുതി മഷി തീർന്ന് , ഈ പേനകൾ വലിച്ചെറിയുമ്പോൾ ഇവയിൽ അടക്കം ചെയ്ത വിത്തുകളും മണ്ണിൽ ചേരും.അലിഞ്ഞു പോകുന്ന ക‌ടലാസിൽ നിന്ന് ഒരു കുഞ്ഞു ചീരത്തൈ വിടരും.

ഉള്ളിൽ ചീരവിത്തു ചേർത്ത വർണ്ണക്കടലാസു പേനകൾ കിട്ടിയതോടെ ബാലഗോകുലം കൂട്ടുകാർക്ക് ഉത്സാഹമേറി. മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകൾ ചേർന്ന ബാലഗോകുലം പൊൻകുന്നം മേഖലാ സമ്മേളനത്തിൽ മുന്നൂറോളം കുട്ടികളാണ് പങ്കെടുത്തത്.

കവിതയ്ക്കുള്ള ഒ .എൻ. വി. യുവ സാഹിത്യ അവാർഡ് ജേതാവ് അനഘ കോലത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. ബാലഗോകുലം ജില്ലാ പ്രസിഡന്റ് പി. എൻ. സുജിത് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സംസ്ഥാന സമിതിയംഗം രാജേന്ദ്രൻ മാസ്റ്റർ, മേഖലാ ഉപാദ്ധ്യക്ഷൻ ബിജു കൊല്ലപ്പിള്ളി, ജില്ലാ കാര്യദർശി വി.എസ്. ഹരിപ്രസാദ്, മനോജ് പൂഞ്ഞാർ എന്നിവർ പ്രസംഗിച്ചു.

സമ്മേളനാനന്തരം, സംഘാടകർ ഉദ്ഘാടകയായ കവയത്രി അനഘയ്ക്കും കൊടുത്തു, ഒരു കുടന്ന വിത്ത് പേനകൾ.

പേനകൾക്കുള്ളിൽ വിത്തുകളുണ്ടെന്നറിഞ്ഞപ്പോൾ അനഘയ്ക്ക് കവിതയുടെ മുള പൊട്ടി; ഒന്നു കൂടി മൈക്ക് കൈയിലെടുത്ത് അവർ പാടി :
'വിത്തു കാണുമ്പോൾ നമ്മളോർക്കുക, അകക്കാമ്പിലെ ആ തായ് മരത്തിനെ .......
മഷിത്തണ്ടിൽ നിന്നുയിർക്കുന്ന കുഞ്ഞു ചീരത്തൈകളെ '......