കോട്ടയം: മലിനജലം കെട്ടിക്കിടക്കുന്ന ഓടയിലൂടെ പൈപ്പിട്ട് പൊട്ടിപ്പൊളിഞ്ഞ കക്കൂസ് ടാങ്കിന് സമീപം ടാപ്പും സ്ഥാപിച്ച് വാട്ടർ അതോറിട്ടിയുടെ 'ശുദ്ധജല വിതരണം'.
കോട്ടയം നഗരസഭയുടെ പതിനാലാം വാർഡിൽ മുള്ളൻകുഴിയിലാണ് പൊതുജനാരോഗ്യത്തെ വെല്ലുവിളിച്ച് വാട്ടർ അതോറിട്ടി ഗുരുതരമായ അനാസ്ഥ കാട്ടിയിരിക്കുന്നത്. ഇവിടെ 35 വർഷം മുമ്പ് ചേരിനിർമ്മാർജന പദ്ധതിയുടെ ഭാഗമായി നഗരസഭ നിർമ്മിച്ചുനൽകിയ കോളനിയിൽ താമസിക്കുന്ന പട്ടികജാതിക്കാരും വിധവകൾ ഗൃഹനാഥകളുമായിട്ടുള്ള നാല് കുടുംബങ്ങൾക്കുള്ള കുടിവെള്ളമാണിത്. വർഷങ്ങളായി ഇവർക്ക് ശുദ്ധജലം കിട്ടിക്കൊണ്ടിരുന്ന പൈപ്പുലൈൻ മുന്നറിയിപ്പില്ലാതെ എടുത്തുമാറ്റിയശേഷമാണ് കഴിഞ്ഞദിവസം മാലിന്യത്തിലൂടെ പൈപ്പിട്ട് കക്കൂസ് ടാങ്കിനടുത്ത് ടാപ്പുവച്ചുകൊടുത്തത്. തുരുമ്പിച്ച പൈപ്പാണ് ഇതിനുപയോഗിച്ചിരിക്കുന്നത്. പഴകിയ പൈപ്പായതുകൊണ്ടുതന്നെ ഓടയിലെ മലിനജലം ഉള്ളിലേക്ക് അരിച്ചുകയറാനുള്ള സാദ്ധ്യതയും കൂടുതലാണ്.
രണ്ടുമാസം മുമ്പുവരെ നല്ലനിലയിൽ ലഭിച്ചുകൊണ്ടിരുന്ന കുടിവെള്ളം യാതൊരു മുന്നറിയിപ്പില്ലാതെ നിക്ഷേധിച്ചതിനെതിരെ പ്രദേശവാസികൾ പരാതിയുമായി രംഗത്തുവന്നപ്പോൾ ഉന്നതങ്ങളിൽ നിന്ന് ഇടപെടലുണ്ടാവുകയും പൈപ്പുലൈൻ പുന:സ്ഥാപിക്കാൻ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ നിർബന്ധിതമാവുകയുമായിരുന്നു. പക്ഷേ മുകളിൽ ചോദ്യം വന്നാൽ പൈപ്പ് പുനസ്ഥാപിച്ചു എന്ന് പറയുകയും ചെയ്യാം, അതേസമയം പരാതിക്കാർക്കിട്ട് പണിയും കൊടുക്കാം എന്ന വിവിദ്ധോദ്ദേശപദ്ധതിയാണ് ഉദ്യോഗസ്ഥർ നടപ്പിലാക്കിയത് എന്നാണാക്ഷേപം. തങ്ങളുടെ അർഹമായ ആനുകൂല്യം നിക്ഷേധിച്ചത് ചോദ്യം ചെയ്തപ്പോൾ ഇത്രയും വൈരാഗ്യബുദ്ധിയോടെ പെരുമാറുന്നതെന്തിനെന്നാണ് ഗുണഭോക്താക്കൾ ചോദിക്കുന്നത്.