കോട്ടയം: ലൈംഗികമായി വഴങ്ങണമെന്ന ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റിന്റെ ആവശ്യം നിരസിച്ചതിനാൽ തനിക്ക് അംഗൻവാടിയിലെ ജോലി ലഭിച്ചില്ലെന്ന ആരോപണവുമായി ഉദയനാപുരം സ്വദേശിനിയുടെ വാർത്താസമ്മേളനം.

'ഞാൻ വിധവയും ഒരു കുട്ടിയുടെ മാതാവുമാണ്. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്തതിനാൽ അമ്മയുടെ കൂടെയാണ് താമസം. 2017 മേയ്

23-മുതൽ നവംബർ 20 വരെ 6 മാസക്കാലം ഉദയനാപുരം വില്ലേജിൽ അംഗൻവാടി ഹെൽപ്പർ ആയിരുന്നു. രണ്ടാം ഘട്ടമായി 180 ദിവസവും ജോലി ചെയ്തിട്ടുണ്ട്.'

' സ്ഥിരം തസ്തികയിലേക്ക് കഴിഞ്ഞ ഒക്ടോബറിൽ ഇന്റർവ്യൂവിന് പോയി. നിയമനത്തെക്കുറിച്ച് പഞ്ചായത്ത് പ്രസിഡന്റിനോട് ആന്വേഷിച്ചപ്പോൾ ലൈംഗിക ചുവയോടെ സംസാരിച്ചു. നിയമനം വേണമെങ്കിൽ ചില കാര്യങ്ങൾക്കെല്ലാം സഹകരിക്കണം.' എന്നും പറഞ്ഞു. ഇന്റർവ്യൂവിന്റെ ഫലംവന്നപ്പോൾ എന്റെ പേരില്ലായിരുന്നു .പ്രവൃത്തി പരിചയം കുറഞ്ഞവരും മറ്റു വാർഡുകളിലുള്ളവരുമായ 9 പേരെ എടുത്തിട്ടുണ്ട്. നിയമവിരുദ്ധമായാണ് എന്നെ ഒഴിവാക്കി മറ്റുള്ളവരെ നിയമിച്ചിരിക്കുന്നത്.

അപമര്യാദയായി പെരുമാറിയ വിവരം ആരോടും ഉടനെ പറയാതിരുന്നത് അക്കാരണത്താൽ നിയമനം നഷ്ടപ്പെടരുതെന്ന് കരുതിയാണ്'. തന്നെ മാനസികമായി പീഡിപ്പിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും അർഹതപ്പെട്ട ജോലിക്ക് തടസം സൃഷ്ടിക്കുകയും ചെയ്ത പഞ്ചായത്ത്‌ പ്രസിഡന്റിനെതിരെ നടപടി വേണമെന്ന് യുവതി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയതായും അവർ പറഞ്ഞു.