പാലാ : കേരള പൊലീസ് അസോസിയേഷൻ 35ാം ജില്ലാ സമ്മേളനത്തിനു മുന്നോടിയായി പാലായിൽ നടത്തിയ ഗതാഗത ബോധവത്കരണ സെമിനാർ നഗരസഭാദ്ധ്യക്ഷ ബിജി ജോജോ ഉദ്ഘാടനം ചെയ്തു. കിഴതടിയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോർജ് സി.കാപ്പൻ മുഖ്യപ്രഭാഷണം നടത്തി. സംഗീതനാടക അക്കാഡമി അവാർഡ് ജേതാവും എസ്.ഐയുമായ കാഥികൻ വിനോദ് ചമ്പക്കരയെ സമ്മേളനത്തിൽ ആദരിച്ചു. പാലാ ഡിവൈ.എസ്.പി ഷാജിമോൻ ജോസഫ് പുരസ്കാരം സമ്മാനിച്ചു. അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് ഇ.എൻ. സിബി മോൻ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ബിനു ഭാസ്‌ക്കർ പ്രസംഗിച്ചു. പാലാ എ.എം.വി.ഐ. ശ്രീജിത്ത്, ജനമൈത്രി പൊലീസിലെ ബിനോയ് അന്ത്യാളം എന്നിവർ ഗതാഗത ബോധവത്കരണ ക്ലാസ് നയിച്ചു. സി.ഐമാരായ വി.എ സുരേഷ് കുമാർ, ബൈജു എന്നിവർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി അജേഷ് കുമാർ സ്വാഗതം പറഞ്ഞു. ഗതാഗത സന്ദേശമുയർത്തി നഗരത്തിലൂടെ ടു വീലർ റാലിയുമുണ്ടായിരുന്നു. സമ്മേളനത്തിന്റെ ഭാഗമായി ഉച്ചതിരിഞ്ഞ് പാലാ ട്രാഫിക് പൊലീസിലെ റൈറ്ററും പൊലീസ് ഓർക്കസ്ട്രയിലെ ഗായകനുമായ എസ്.സുദേവ് തുടർച്ചയായി 35 സിനിമാ നാടക ഗാനങ്ങൾ അവതരിപ്പിച്ചതും ശ്രദ്ധേയമായി.