കോട്ടയം: പിറന്നാളാണെന്ന് മാദ്ധ്യമങ്ങൾ പറഞ്ഞതൊഴിച്ചാൽ കാര്യമായൊരാഘോഷവുമില്ലാതെ കോട്ടയത്തിന്റെ സപ്തതിയും കടന്നുപോയി.

ആഘോഷമൊന്നും ഉണ്ടായില്ലെന്നുമാത്രമല്ല, ആവലാതികൾ പലതും പരിഹരിച്ചിട്ടുമില്ല. ജില്ലാ ആസ്ഥാനമായിട്ട് പോലും കോട്ടയം പട്ടണത്തിന് രാവും പകലും ഒരുപോലെ ആശ്രയിക്കാവുന്നൊരു സിരാകേന്ദ്രവുമില്ല. കളക്ടറേറ്റ്, നഗരസഭ, ബേക്കർ ജംഗ്ഷൻ, നാഗമ്പടം, തിരുനക്കര, ചന്തക്കടവ്, കെ.എസ്.ആർ.ടി.സി, കോടിമത, മാർക്കറ്റ്, പുളിമൂട്, ലോഗോസ്, കഞ്ഞിക്കുഴി, ചാലുകുന്ന് തുടങ്ങിയ പേരുകളിൽ വിസ്തൃതിയേറിയ നഗരമായിട്ടും ഇതിൽ ഒരിടത്തുപോലും ആസ്ഥാനമെന്ന നിലയിൽ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന പരാതിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കോട്ടയം നഗരത്തിലെ രാത്രികാല ദുരിതം വിവരണാധീതമാണ്. വഴിവിളക്കുകളുടെ അഭാവത്തിൽ ഇരുൾമൂടുന്ന നിരത്തുകൾ പടിച്ചുപറിക്കാരും മയക്കുമരുന്ന് - അനാശാസ്യ വ്യവഹാരികളും സാമൂഹ്യവിരുദ്ധരും കൈയ്യടക്കും. രാത്രി 9ന് ശേഷം ദൂരെ സ്ഥലങ്ങളിൽ നിന്ന് ട്രെയിനിൽ നാഗമ്പടത്ത് എത്തുന്ന യാത്രക്കാർക്ക് കെ.എസ്. ആർ.ടി.സി ബസ് സ്റ്റേഷനിലൊ, കെ.എസ്.ആർ.ടി.സിയിൽ നിന്ന് റെയിൽവേ സ്റ്റേഷനിലൊ എത്തണമെങ്കിൽ കുഴഞ്ഞതുതന്നെ. സ്ഥല പരിചയം ഇല്ലാത്തവരാണെങ്കിൽ ദുരിതം ഇരട്ടിയാകും. സുരക്ഷിതമായി ബസ്/ റെയിൽവേ സ്റ്റേഷനിൽ എത്തണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഓട്ടോറിക്ഷകളെ ആശ്രയിക്കാം. നടന്നുപോകാമെന്ന് വച്ചാൽ സ്വന്തം സുരക്ഷ സ്വയം നോക്കേണ്ടിവരും.

കെ.എസ്.ആർ.ടി.സി സ്റ്റേഷൻ

രാത്രി പത്തിന് ശേഷം പട്ടണത്തിൽ ആൾപ്പെരുമാറ്റം കൂടുതലുള്ള അപൂർവം സ്ഥലങ്ങളിലൊന്ന് കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനാണ്. ഇവിടെ യാത്രക്കാർക്ക് വിശ്രമിക്കാൻ പരിമിതമായ ഇരിപ്പിടങ്ങൾ മാത്രമേയുള്ളു. ഭക്ഷണം, പ്രാഥമീകാവശ്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ മറക്കുകയേ മാർഗമുള്ളു. വൃത്തിഹീനമായ ശൗചാലയവും അതിനേക്കാൾ മോശമായ തട്ടുകടകളുമാണ് ആകെയുള്ള ആശ്രയം.

കുന്നും കുഴിയും

കുന്നും കുഴിയും ചതുപ്പും ഉൾപ്പെടുന്ന കോട്ടയം പട്ടണത്തിന് എല്ലാവരെയും ഉൾക്കൊള്ളാനാകുന്നൊരു വാണിജ്യകേന്ദ്രമില്ല. പച്ചക്കറിയും പലവ്യജ്ഞനങ്ങളും കുന്നിൻമുകളിലാണെങ്കിൽ വസ്ത്രവ്യാപാരം താഴ്‌വരയിലാണ്. ഗൃഹോപകരണങ്ങൾ ഉൾപ്പെടെ മറ്റ് എന്തെങ്കിലും കൂടിവാങ്ങണമെങ്കിൽ പാർക്കിംഗ് സൗകര്യമില്ലാത്ത നഗരത്തിലൂടെ കിലോമീറ്ററുകൾ നേട്ടോട്ടമോടണം.

ഭക്ഷ്യസുരക്ഷയിൽ അമ്പേ പരാജയം

മുന്തിയ ഹോട്ടലുകളിൽനിന്നുപോലും ഭക്ഷ്യസുരക്ഷാ വിഭാഗം ഇടയ്ക്കിടെ പിടിച്ചെടുക്കുന്ന പഴകിയ ഭക്ഷണങ്ങളുടെ കൂമ്പാരം ജനങ്ങൾക്ക് ഏറെ ആശങ്ക നൽകുന്നു. രാത്രികാല തട്ടുകടകളുടെ കാര്യത്തിൽ പരിശോധനയും നടപടിയുമില്ലാത്തതുകൊണ്ട് ആർക്കും എന്തുമാകാമെന്ന മട്ടിലാണ് കാര്യങ്ങൾ