തലയോലപ്പറമ്പ് : മൂന്നര വർഷം മുൻപ് നിർമ്മാണം പൂർത്തിയാക്കിയ തലയോലപ്പറമ്പ് മിനി സിവിൽ സ്റ്റേഷനിലേക്ക് സർക്കാർ ഓഫീസുകളുടെ പ്രവർത്തനം മാറ്റാത്തതിനാൽ കെട്ടിടം നശിക്കുന്നു. താഴത്തെ നിലയിലെ പ്രധാന ഭാഗത്തെ ശൂചിമുറികൾ ഉൾപ്പെടെയുള്ളവ നശിച്ചിരിക്കുകയാണ്. എല്ലാ സർക്കാർ ഓഫീസുകളും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനായിട്ടാണ് ഒരുകോടിയിലോളം രൂപ മുടക്കി കെട്ടിട സമുച്ഛയം നിർമ്മിച്ചതെങ്കിലും പല സർക്കാർ ഓഫീസുകളും ഇപ്പോഴും വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. 2011 ഫെബ്രുവരി 15ന് നിർമ്മാണം തുടങ്ങിയ സിവിൽസ്റ്റേഷൻ മന്ദിരം 2016 ജനുവരി 17നാണ് ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചത്. കെട്ടിടത്തിന്റെ പ്രധാന ഭാഗമായ താഴത്തെ നില സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിക്കുന്നതിനായി മാറ്റിവയ്ക്കുകയും അതിന്റെ ഫർണീഷിംഗ് ഉൾപ്പടെയുള്ളവ നടത്തി ബോർഡ് സ്ഥാപിക്കുകയും ചെയ്‌തെങ്കിലും ഓഫീസ് പ്രവർത്തനം ഇതുവരെയും ആരംഭിച്ചില്ല. പതിനായിരങ്ങൾ മാസവാടക നൽകിയാണ് ഇപ്പോഴും സബ് രജിസ്ട്രാർ ഓഫീസ് സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. മുകൾനിലയിലെ പ്രധാന ഭാഗം കൃഷിഭവൻ പ്രവർത്തിക്കുന്നതിന് വേണ്ടി മാറ്റിയിരുന്നെങ്കിലും ആവശ്യമായ സ്ഥലസൗകര്യം ഇല്ലാത്തതിനാൽ ഈ ഭാഗം പഞ്ചായത്ത് പെർഫോമൻസ് ഓഡിറ്റ് സൂപ്പർ വൈസർ ഓഫീസിനായി പിന്നീട് വിട്ടു നൽകുകയും ചെയ്തു. വില്ലേജ് ഓഫീസ് മാത്രമാണ് ഇവിടെ പ്രവർത്തിക്കുന്നത്. മറ്റ് സർക്കാർ ഓഫീസുകൾ വാടക കൊടുത്ത് ലക്ഷങ്ങൾ നഷ്ടപ്പെടുത്തുമ്പോഴാണ് കോടികൾ മുടക്കി നിർമ്മിച്ച മിനി സിവിൽ സ്റ്റേഷൻ കെട്ടിടം നശിക്കുന്നത്. സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിക്കുന്നതിന് കുറച്ചു കൂടി സ്ഥലസൗകര്യം ആവശ്യമാണെന്ന് ബന്ധപ്പെട്ട വകുപ്പ് അറിയിച്ചതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം 3.5 ലക്ഷം രൂപ വിനിയോഗിച്ച് ഒന്നായി കിടക്കുന്ന ഹാൾ കബോർഡ് വർക്ക് നടത്തി പാർട്ടീഷൻ ചെയ്ത് ഒരു മാസത്തിനുള്ളിൽ രജിസ്‌ട്രേഷൻ വകുപ്പിന് കൈമാറുമെന്ന് 6 മാസം മുൻപ് അറിയിച്ചിരുന്നെങ്കിലും യതൊരു നടപടിയും ഉണ്ടാകാത്തതാണ് നിലവിൽ സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തനം ആരംഭിക്കാൻ തടസമായിരിക്കുന്നത്.