വൈക്കം : ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ അംഗൻവാടി ഹെൽപ്പർ, വർക്കർ നിയമനങ്ങളിൽ അഴിമതിയും ക്രമക്കേടുമെന്ന് ആരോപണവുമായി കോൺഗ്രസ് ഉദയനാപുരം മണ്ഡലം കമ്മിറ്റി രംഗത്ത്. ഇന്റർവ്യൂ ബോർഡിൽ സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാതെ ഇടത് മുന്നണി പ്രതിനിധികളെ മാത്രമാണ് വച്ചതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. പ്രീപ്രൈമറി ടീച്ചേഴ്സ് കോഴ്സ് പാസ്സായവർ, വിധവകൾ, നേരത്തെ ജോലി നോക്കിയിട്ടുള്ളവർ എന്നിവരെ പ്രത്യേകം പരിഗണിക്കണമെന്നാണെങ്കിലും ഇവിടെ ഇന്റർവ്യൂ ബോർഡിനെപ്പോലും നോക്കുകുത്തിയാക്കി പഞ്ചായത്ത് പ്രസിഡന്റിന്റെ താത്പ്പര്യം മുൻ നിറുത്തിയാണ് നിയമനങ്ങൾ നടത്തിയതെന്നുമാണ് ആക്ഷേപം. സാമൂഹിക ക്ഷേമ വകുപ്പിന്റെ പ്രതിനിധി മാർക്കിട്ട ഒന്നാം റാങ്കുകാരിക്ക് പഞ്ചായത്തുകാർ ഏറ്രവും താഴെയായിരുന്നു സ്ഥാനമെന്നും ആരോപണമുണ്ട്.