policestation
വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷൻ പരിസരത്ത് കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങൾ

വണ്ടിപ്പെരിയാർ : ഇവിടെ ടിപ്പർ മുതൽ സ്‌കൂട്ടർവരെയുണ്ട്, പാർക്ക് ചെയ്തിരിക്കുകയല്ല കുന്ന്കൂട്ടിയിട്ടിരിക്കുകയാണെന്ന് തന്നെ പറയാം. ഉടമ കണ്ടാൽ കരഞ്ഞ്‌പോകും അത്രമാത്രം രൂപമാറ്റം വന്നിരിക്കുകയാണ് തൊണ്ടിമുതലുകളുടെ പട്ടികയിൽപ്പെട്ട ഈ വാഹനങ്ങൾക്ക്. വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷൻ വളപ്പിലാണ് വാഹനങ്ങൾ മഴയും വെയിലുമേറ്റ് ആർക്കും വേണ്ടാതെ കിടക്കുന്നത്. വിവിധ കേസുകളിലായി പലപ്പോഴായി പിടികൂടിയ ഇരുചക്രവാഹനങ്ങൾ മുതൽ ലക്ഷങ്ങൾ വിലമതിക്കുന്ന ടിപ്പറുകൾ വരെ ഇങ്ങനെ തുരുമ്പെടുത്ത് നശിക്കുകയാണ്. വാഹനങ്ങൾ പിടിച്ചിട്ട സ്ഥലത്തക്ക് ആരം തിരിഞ്ഞ് നോക്കാതായതോടെ കാടുകയറിക്കിടക്കുന്നു., ഇഴജന്തുക്കളുടെ വിഹാര കേന്ദ്രവുമായി മാറിയിട്ടുണ്ട്. മോട്ടോർ ബൈക്ക്, ജീപ്പ്, ടിപ്പർ, മിനിലോറി തുടങ്ങിയ വാഹനങ്ങളാണ് സർക്കാറിന്റെ മോചനം കാത്തുകഴിയുന്നത്. മഴപെയ്താൽ പല വാഹനങ്ങളിലും വെള്ളം തങ്ങി നിൽക്കുന്ന അവസ്ഥയുണ്ട്. പരിസരത്ത് വെള്ളം കെട്ടിക്കിടന്ന് കൊതുകും പെരുകി.

കാലപഴക്കം കാരണം തകർന്ന വാഹനത്തിന്റെ ഭാഗങ്ങൾ പല സ്ഥലങ്ങളിലായി ചിതറി കിടക്കുകയാണ്.പരിമിതമായ സ്ഥലത്തിനുള്ളിൽ പിടിച്ചെടുത്ത വാഹനങ്ങൾ നിറഞ്ഞതോടെ ഏറെ ദുരിതത്തിലാണ് വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷൻ. ആദ്യമൊക്ക വാഹനങ്ങൾ സ്റ്റേഷൻ പരിസരത്ത് സൂക്ഷിക്കുന്നത് ഒരു പ്രശ്നമായിരുന്നില്ല. എന്നാൽ ദിവസം ചെല്ലുന്തോറും തൊണ്ടിയായി വാഹനങ്ങൾ വന്ന് ചേർന്നതോടെ സൂക്ഷിക്കുന്ന കാര്യത്തിൽ നിലവിലെ സൗകര്യങ്ങൾ അപര്യാപ്തമായി. പിന്ന വാഹനങ്ങൾ കൂട്ടിയിടുന്ന സ്ഥിതിയും കടന്ന് ലോറികളിൽ മറ്റ് വാഹനങ്ങൾ കയറ്റിവയ്ക്കുക എന്ന സാഹസംവരെ ചെയ്യേണ്ടിവന്നു.

കേസ് കഴിഞ്ഞാൽ

തിരികെ കിട്ടും

കേസിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി കഴിഞ്ഞാൽ വാഹനം ഉടമയ്ക്ക് മടക്കി കൊടുക്കാം. അപകടസംബന്ധമായ കേസുകളാണെങ്കിൽ വിധി പൂർണ്ണമായാൽ കോടതി വഴി ഉടമക്ക് വാഹനം തിരികെ ലഭിക്കും. എന്നാൽ വാഹനങ്ങൾ പലപ്പോഴും തിരിച്ചെടുക്കാൻ ഉടമകൾ വരാറില്ല. ഇതുകാരണം സ്റ്റേഷൻപരിസരങ്ങളിൽ ഇവ കൂടികിടക്കുകയാണ് പതിവ്. പഴക്കം ചെന്ന വാഹനങ്ങൾ നിശ്ചിത കാലയളവിനുള്ളിൽ ലേലം ചെയ്യണമെന്നാണ് നിർദ്ദേശം. എന്നാൽ ലേലം നടന്നിട്ട് തന്നെ വർഷങ്ങളാകുന്നു. ജി.എസ്.ടി. വന്നതോടെ പഴയവാഹനങ്ങൾ ലേലത്തിന് വാങ്ങാൻ ആളില്ലാതെയായി.

വാഹനം വേണ്ടേ വേണ്ട

അക്ബാരി കേസിൽപ്പെട്ട വാഹനങ്ങളാണ് പൊലീസ് സ്റ്റേഷനിൽ എത്തുന്നതെങ്കിൽ ആ വാഹനം പിന്നീട് അവിടെ നിന്നും വെളിയിലിറങ്ങില്ല. ലക്ഷങ്ങൾ വിലയുള്ള വാഹനങ്ങൾപോലും ഉടമകൾ തിരിഞ്ഞ് നോക്കില്ല. ബുക്കും പേപ്പറുമൊന്നും ശരിയല്ലത്ത വാഹനങ്ങളുടെ കാര്യം ഇങ്ങനതന്നെ.