ചങ്ങനാശ്ശേരി : കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഖാദി ഗ്രാമവ്യവസായ കമ്മീഷൻ ചങ്ങനാശ്ശേരി ചാസിന്റെ ആഭിമുഖ്യത്തിൽ കോട്ടയം ശാസ്ത്രി റോഡിലും ചങ്ങനാശ്ശേരി അരമനപ്പടിയിലുമുള്ള ഖാദി ഗ്രാമോദ്യോഗ് ഭവനിലും മല്ലപ്പള്ളി ഖാദി പ്ലാസായിലും പള്ളിക്കുട്ടുമ്മ ഖാദി പാലസിലും സംഘടിപ്പിക്കുന്ന പ്രവാസി ഖാദി-കരകൗശല മേള നാളെ ആരംഭിക്കും. ചങ്ങനാശ്ശേരി ഖാദി ഗ്രാമോദ്യോഗ് ഭവനിൽ രാവിലെ 10.30 ന് ചാസ് ഡയറക്ടർ ഫാ. ജോസഫ് കളരിക്കലിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേളനം സി.എഫ്. തോമസ് എം.എൽ.എ മേള ഉദ്ഘാടനം ചെയ്യും. ചങ്ങനാശ്ശേരി അതിരൂപത പ്രവാസി കാര്യ ഡയറക്ടർ ഫാ. റ്റെജി പുതുവീട്ടിൽക്കളം ആദ്യ വിൽപ്പന നിർവ്വഹിക്കും. കോട്ടയം ശാസ്ത്രി റോഡിലെ ഖാദി ഭവനിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ മേള ഉദ്ഘാടനം ചെയ്യും. പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഐസക് പ്ലാപ്പള്ളിൽ ആദ്യവിൽപ്പന നിർവ്വഹിക്കും. മേളയോടനുബന്ധിച്ച് ഖാദി ജൂട്ട് സിൽക്ക് സാരികൾ, കോട്ടൻ സാരികൾ, റെഡിമെയ്ഡ് ഷർട്ടുകൾ, കുർത്തകൾ, കരകൗശല വസ്തുക്കൾ, കേരളത്തനിമയുള്ള ഗിഫ്റ്റ് ഐറ്റംസ് തുടങ്ങിയ ആയിരത്തോളം ഗ്രാമീണ ഉല്പ്പങ്ങളുടെ പ്രദർശനവും വിപണനവും ഒരുക്കിയിട്ടുണ്ട്. 5 മുതൽ 50% വരെ സ്‌പെഷ്യൽ ഡിസ്‌കൗണ്ടും മേളയിൽ ലഭ്യമാണ്. പ്രധാനമന്ത്രിയുടെ ശുചിത്വ ഭാരത മിഷൻ ആഘോഷങ്ങളുടെ ഭാഗമായി ചാസ് ചങ്ങനാശ്ശേരി എസ്.ബി. ഹയർ സെക്കണ്ടറി സ്‌കൂളിൽ സംഘടിപ്പിച്ച പെയിന്റിംങ്, ഡിബേറ്റ് മത്സരങ്ങളുടെ സമ്മാനദാനം അതിരൂപത വികാരി ജനറാൾ മോ.ഡോ. ജോസഫ് വാണിയപ്പുരയ്ക്കൽ നിർവ്വഹിക്കും. മേള 20 ന് സമാപിക്കും.