പൊൻകുന്നം : സ്റ്റാൻഡിൽ തോന്നുംപോലെയെത്തി തലങ്ങും വിലങ്ങും പാർക്ക് ചെയ്യുന്ന സ്വകാര്യബസുകൾ. പ്രവേശനകവാടത്തിൽ കടന്നുവരുന്ന ബസുകളുടെ നിര. പുറത്തേക്കുള്ള വഴിയിലും സമാന അവസ്ഥ. ഇതിനിടെ സ്റ്റാൻഡിലേക്ക് വരുന്നതും പുറത്തേക്ക് പോകുന്നതുമായ യാത്രക്കാരുടെ ദുരിതം ആരും അറിയുന്നില്ല. നിശ്ചിത സമയത്തിന് പുറപ്പെടുന്ന ബസിൽ കയറിപ്പറ്റാനെത്തുന്ന യാത്രക്കാർക്ക് സ്റ്റാൻഡിനുള്ളിലേക്ക് പ്രവേശിക്കണമെങ്കിൽ 15 മിനിട്ടെങ്കിലും വേണം. ഇതിനോടകം ബസ് പുറപ്പെട്ടിരിക്കും.
യാത്രക്കാർക്ക് കയറാനും ഇറങ്ങാനുമുള്ള ഇടനാഴി വഴിയോരക്കച്ചവടക്കാരുടെയും സാമൂഹ്യവിരുദ്ധരുടെയും അധീനതയിലാണ്. സ്റ്റാൻഡിന് മുൻവശം ദേശീയപാതയോരത്താണേൽ വാഹനങ്ങളുടെ അനധികൃത പാർക്കിംഗ്. ഓടയുടെ അകത്തും പുറത്തുമായി നിരതെറ്റിക്കിടക്കുന്ന കോൺക്രീറ്റ് സ്ലാബുകൾ. ഓടകളിൽ മാലിന്യക്കൂമ്പാരം. മഴവന്നാൽ സ്റ്റാൻഡിന് മുന്നിൽ വെള്ളക്കെട്ട്. ആയിരക്കണക്കിനാളുകൾ ദിനംപ്രതി വന്നു പോകുന്ന പൊൻകുന്നം പ്രൈവറ്റ് ബസ് സ്റ്റാൻഡിന്റെ അവസ്ഥയാണിത്.
സ്റ്റാൻഡിന് ഇടതുവശം കോയിപ്പള്ളി റോഡിനോട് ചേർന്ന് നടപ്പാതയുണ്ടെങ്കിലും ഉപയോഗ ശൂന്യമാണ്.
കൂട്ടിന് ദുരിതം മാത്രം
വീതി കുറഞ്ഞ വെയിറ്റിംഗ് ഷെഡ്
ഇരിക്കാനുള്ള സൗകര്യം പരിമിതം
മഴ പെയ്താൽ വെള്ളം ഇരച്ചുകയറും
മലിനജലം കെട്ടിക്കിടക്കുന്നു
''
സ്ഥലസൗകര്യം പരിമിതമാണെങ്കിലും ഉള്ള സ്ഥലം ആസൂത്രിതമായി ഉപയോഗപ്പെടുത്തുന്നതിൽ വന്ന വീഴ്ചയാണ് സ്റ്റാൻഡിലെ ദുരിതങ്ങൾക്ക് കാരണം. ഇത് പരിഹരിക്കണം.
ടി.പി.രവീന്ദ്രൻപിള്ള, കോൺഗ്രസ് മണ്ഡലം കമ്മിറ്റി അംഗം"
''അനധികൃത പാർക്കിംഗ് ഒഴിവാക്കാനുള്ള നടപടികൾ പരാജയപ്പെടുന്നത് രാഷ്ട്രീയക്കാരുടെ ഇടപെടൽ മൂലമാണ്. ഓടയുടെ സ്ലാബുകൾ ക്രമീകരിക്കുന്നതും നടപ്പാത നിർമ്മിക്കുന്നതുമായ കാര്യങ്ങൾ ചെയ്യേണ്ടത് ദേശീയപാത വിഭാഗമാണ്. ഇക്കാര്യം അവരുടെ ശ്രദ്ധയിൽപ്പെടുത്തും.
പി.മോഹൻ റാം, ഗ്രാമപഞ്ചായത്തംഗം