bear

വണ്ടിപ്പെരിയാർ:ജനവാസ മേഖലയിൽ എത്തിയ കരടി പശുവിനെ ആക്രമിച്ചു , ഉടമയെക്കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ കരടി പൊട്ടകിണറ്റിൽ വീണു. പെരിയാർ കടുവാ സങ്കേതം വനാതിർത്തിയോട് ചേർന്നുള്ള തങ്കമല മാട്ടുപ്പട്ടിയിലാണ് കരടി കിണറ്റിൽ വീണത്. ചൊവ്വാഴ്ച്ച രാവിലെ 10 നോടെയാണ് സംഭവം.മഠത്തിൽ വീട്ടിൽ സുശീലന്റെ പുരയിടത്തിൽ എത്തിയ കരടി തോട്ടത്തിൽ മേഞ്ഞു നടന്നിരുന്ന പശുവിനെ ആക്രമിച്ചു. തുടർന്ന് സമീപത്ത് ഇരു ചക്ര വാഹനത്തിന് കേടുപാടുണ്ടാക്കുകയും ചെയ്തു.ബഹളം കേട്ട് എത്തിയ ഉടമയെക്കണ്ട് കരടി ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ പൊട്ടകിണറ്റിൽ വീഴുകയായിരുന്നു.സ്ഥല ഉടമ കുമളി റേഞ്ചിൽ വനപാലകരെ വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകർത് എത്തി കരടിയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ രാത്രി വൈകിയും പുരോഗമിക്കുകയാണ്.മയക്ക് വെടി വെച്ച ശേഷം രക്ഷപെടുത്താനാണ് വനംവകുപ്പ് ശ്രമം.കരടിയെ കാണാനായി നിരവധി ആളുകളാണ് പ്രദേശത്തേക്ക് എത്തുന്നത്.